News

കെടിഎം: വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന്

കൊച്ചി: വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വ്യാപാര ഇടപാടുകള്‍ക്കും വേദിയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പത്താം പതിപ്പില്‍ പങ്കെടുക്കുന്ന വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ളവര്‍. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ നടക്കുന്ന സംരംഭത്തില്‍ സെല്ലര്‍മാരുമായി വ്യാപാര ഇടപാടുകള്‍ക്കായും ആശയവിനിമയത്തിനായും അമേരിക്കയില്‍ നിന്നും 42 പ്രതിനിധികളും ഇംഗ്ലണ്ടില്‍ നിന്നും 40 പ്രതിനിധികളുമാണ് എത്തിയിരിക്കുന്നത്.

കേരള ട്രാവല്‍ മാര്‍ട്ട് പത്തു പതിപ്പുകള്‍ പിന്നിടുമ്പോള്‍ ഇതാദ്യമായാണ് 66 രാജ്യങ്ങളില്‍ നിന്നായി 545 വിദേശ ബയര്‍മാര്‍ പങ്കെടുക്കുന്നത്. അറബിരാഷ്ട്രങ്ങളില്‍ നിന്ന് 37, ജര്‍മ്മനി 36, ഓസ്ട്രേലിയ 32, റഷ്യ 31, മലേഷ്യ 26, പോളണ്ട് 24, ദക്ഷിണാഫ്രിക്ക 17, ഫിലിപ്പൈന്‍സ് 14, ഇറ്റലി 13, ചൈന 12, സ്വീഡന്‍ 10 എന്നിങ്ങനെയാണ് പ്രതിനിധികളുടെ എണ്ണം.

വ്യത്യസ്ത വിനോദസഞ്ചാര വിഭവങ്ങളും സെഷനുകളും കണ്ടെത്താനാകുന്ന അത്യപൂര്‍വ്വ വേദിയാണ് കെടിഎം എന്ന് അമേരിക്കയില്‍ നിന്നെത്തിയ മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥ മാരിയോണ്‍ ലൈബ്ഹാര്‍ഡ് പറഞ്ഞു. ടൂറിസം വിപണിയുടെ ഉന്നത നിലവാരമുള്ള അവതരണമാണ് കെടിഎം. പുതിയ പങ്കാളികളേയും ടൂര്‍ ഓപ്പറേറ്റര്‍മാരേയും തേടിയാണ് എത്തിയത്. ടൂറിസം മേഖലയിലെ വ്യത്യസ്തതകള്‍ തന്നെ ആകര്‍ഷിച്ചു. കേരളത്തിലെ പൈതൃകവും പ്രകൃതിഭംഗിയുമാണ് തനിക്കു പ്രിയമെന്നും അവര്‍ വ്യക്തമാക്കി.

ആദ്യമായാണ് കെടിഎമ്മില്‍ പങ്കെടുക്കുന്നതെന്നും പുതിയ പങ്കാളികളെ തേടിയെത്തിയ തനിക്ക് അതോടൊപ്പം തന്നെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യമാണെന്നും റഷ്യയില്‍ നിന്നെത്തിയ എലേന പ്രൊട്ടോപോപോവ പറഞ്ഞു. കെടിഎമ്മിന്‍റെ സംഘാടന മികവില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ ‘സ്വഛ് ഭാരത് സ്വഛ് പര്യടന്‍’ പദ്ധതിയുടെ ഭാഗമായി കളരിപ്പയറ്റ് അവതരണവും ശനിയാഴ്ച രാവിലെ കെടിഎം വേദിയില്‍ ഒരുക്കിയിരുന്നു.

ലോകോത്തര ബയര്‍മാരേയും സെല്ലേഴ്സിനേയും ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്ന മേള കേരള വിനോദ സഞ്ചാര മേഖലയ്ക്ക് 34,000 കോടിരൂപയുടെ വരുമാനം ലഭ്യമാകുതിനും 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുതിനും പ്രചോദനമാകും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്ബോട്ട്, ആയൂര്‍വേദ റിസോര്‍ട്ട്, സാംസ്കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുവരാണ് ഇതില്‍ ഭാഗഭാക്കാകുന്നത്. 400 സ്റ്റാളുകളിലായി 325 സെല്ലേഴ്സും 1,635 ടൂറിസം സ്ഥാപന പ്രതിനിധികളുമാണ് രാജ്യത്തിനകത്തും പുറത്തും നിന്നുമായി പങ്കെടുക്കുന്നത്. കൂടാതെ 1,090 തദ്ദേശീയ ബയര്‍മാരും പങ്കെടുക്കുന്നുണ്ട്.