കേരളീയ ഗ്രാമീണക്കാഴ്ചയൊരുക്കി ഉത്തരവാദ ടൂറിസം മിഷന് സ്റ്റാള്‍
കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ വന്‍ശ്രദ്ധ നേടി ഉത്തരവാദ ടൂറിസം മിഷന് പവിലിയന്.
ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവാദിത്ത ടൂറിസം പവിലിയന് ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന്, കുമരകം കവണാറ്റിന്‍ കരയിലെ സതി മുരളി തുടങ്ങിയവരെല്ലാം ഇത് മൂന്നാം തവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ടൂറിസം വികസനത്തില്‍ കെടിഎം നല്കിയ പങ്ക് വളരെ വലുതാണെന്ന് വയനാട് അമ്പലവയലില്‍ നിന്നുള്ള അമ്പെയ്ത്ത് പരിശീലകന് ഗോവിന്ദന് പറയുന്നു.
ജീവിതം മെച്ചപ്പെടുത്താന്‍ കെടിഎമ്മും ഉത്തരവാദിത്ത ടൂറിസവും ഒരു പോലെ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കെടിഎമ്മില്‍ പങ്കെടുക്കുന്ന സമയത്ത് വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം പരിപാടി ശൈശവ ദശയിലായിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറം വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് തന്നെ തേടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ യഥാര്‍ത്ഥ കടമ വെളിവാക്കി തരുന്നതായിരുന്നു പ്രളയദിനങ്ങളെന്ന് പദ്ധതിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. പ്രാദേശിക ടൂര്‍ പാക്കേജുകളില്‍ നിന്നുള്ള വരുമാനം ഉത്തരവാദിത്ത ടൂറിസത്തിന്റെ പങ്കാളികളായ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് തീരുമാനം. ദേശീയ ടൂറിസം പുരസ്കാരം കുമരകത്തിലൂടെ കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസത്തിന് ലഭിച്ചെങ്കില്‍ ഇക്കുറി വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചതെന്നും രൂപേഷ്കുമാര്‍ ചൂണ്ടിക്കാട്ടി.
കെടിഎം പ്രവേശന കവാടത്തില്‍ തന്നെ ഉത്തരവാദ ടൂറിസം മിഷന് ഒരുക്കിയ കേരളീയ ഗ്രാമീണ ഭംഗിയുടെ നേര്‍ക്കാഴ്ച കാണാം. വയലും വരമ്പും, ജലചക്രം ഓലമേഞ്ഞ വീട്, താറാവിന് കൂട്ടം, കൈത്തറി നെയ്ത്ത് എന്നിവയെല്ലാം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്നു. ഇവിടെ ഓല മെടയുന്ന സതി മുരളി ഇത് മൂന്നാം തവണയാണ് കെടിഎമ്മിനെത്തുന്നത്. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമെല്ലാം മെടഞ്ഞ ഓലയ്ക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് അവര്‍ പറഞ്ഞു.
കേരളത്തില്‍ ആവശ്യത്തിന് മെടഞ്ഞ ഓല കിട്ടാനില്ലാത്ത അവസ്ഥയാണുള്ളതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. പ്രകൃതി സൗഹൃദ നിര്‍മ്മാണങ്ങളിലും റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ സൗന്ദര്യവത്ക്കരണത്തിലും ഒഴിച്ചു കൂടാനാവാത്തതാണ് മെടഞ്ഞ ഓലകള്‍. നാട്ടുകാര്‍ക്ക് വിപണി വിലയ്ക്കപ്പുറം ലഭിക്കുന്നതിനോടൊപ്പം അമിത വില നല്കി അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഓല വാങ്ങുന്ന സാഹചര്യം ടൂറിസം വ്യവസായത്തിന് ഒഴിവാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.