ക്യാമറ കണ്ണിലൂടെ കാണാന്‍ ഇഷ്ടമുള്ള ഇടം കേരളം: സന്തോഷ് ശിവന്‍

ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്രയേറെ മനോഹരമാക്കി ചിത്രീകരിക്കാന്‍ സന്തോഷ് ശിവന്‍ എന്ന ക്യാമറമാനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രകൃതി,കേരളം, സിനിമ ഇവ മൂന്നിന്റെയും കൂടിച്ചേരലാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും.


പ്രകൃതിയുടെ മുഴുവന്‍ ഭംഗിയേയും അതേപടി ഒപ്പിയെടുത്ത് അദ്ദേഹം വിസ്മയിപ്പിച്ചുണ്ട് മിക്ക ചിത്രങ്ങളിലൂടെയും. പ്രകൃതിക്കാഴ്ച്ചകളിലേക്ക് ഓരോ തവണയും ആ ക്യാമറ സൂം ചെയ്യുമ്പോഴും അതു വരെ കാണാത്ത വിസ്മയക്കാഴ്ച്ചകളും ക്യാമറ മാജിക്കുകളും അദ്ദേഹം ഓരോ ഫ്രെയിമിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും.


ആതിരപ്പിള്ളിയെന്ന ജലവിസ്മയത്തിനെ സന്തോഷ് ശിവന്‍ ദില്‍സേയിലൂടെയും, രാവണിലൂടെയും, അനന്തഭദ്രത്തിലൂടെയും ലോകം മുഴുവന്‍ എത്തിച്ചു. ബിഫോര്‍ ദി റെയിനില്‍ കണ്ട് മൂന്നാര്‍ കാഴ്ച്ചകള്‍ ആ ചിത്രം കണ്ടവരുടെ മനസ്സിനെ തന്നെ മാറ്റും. സ്വാതി തിരുന്നാള്‍ കീര്‍ത്തനം പോല്‍ ആസ്വാദകരമായ കുതിരമാളികയെ അദ്ദേഹം വാനപ്രസ്ഥത്തിലൂടെ സന്തോഷ് പുനരവതരിപ്പിച്ചു.

കേരള ടൂറിസത്തിനെ ലോക ഭൂപടത്തിലേക്ക് എത്തിക്കാന്‍ സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ടൂറിസത്തിന് വേണ്ടി സന്തോഷ് ശിവന്‍ ചെയ്ത ആദ്യകാല വീഡിയോകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

ലോകം മുഴുവന്‍ പറന്നു നടന്ന് സിനിമകള്‍ ചിത്രീകരിക്കുന്ന പ്രതിഭാധനനായ ഈ ഛായാഗ്രഹകന് ഷൂട്ട് ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള ലൊക്കേഷന്‍ കേരളമാണ്.” എന്റെ ഹോം ലാന്‍ഡായ കേരളം തന്നെയാണ് ഷൂട്ട് ചെയ്യാന്‍ എനിക്കേറെ ഇഷ്ടമുള്ള ലൊക്കേഷന്‍. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നൊക്കെ പറയുന്നത് വെറുതെയല്ല. പൊതുവേ, പച്ചപ്പിനോടും പ്രകൃതിയോടുമൊക്കെയുള്ള ഇഷ്ടം സൂക്ഷിക്കുന്നവരാണ് മലയാളികള്‍. കുറച്ചു കൂടി സ്നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും കൂടി നമ്മള്‍ പ്രകൃതിയെ സമീപിക്കേണ്ടതുണ്ട്. കുറേകൂടി പ്രകൃതി സൗഹാര്‍ദ്ദപരമായ സമീപനം വേണം നമുക്ക്. പേടിയോടെ ആവരുത്, സ്‌നേഹത്തോടെ വേണം പ്രകൃതിയെ കാണാന്‍”, ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറയുന്നു.