News

സാഹസികതയും ത്രില്ലും മാത്രമല്ല യാത്രകള്‍; അറിയാം പുതിയ ട്രാവല്‍ ട്രെന്‍ഡുകള്‍

ദേശം, വിദേശം, അതിര്‍ത്തികള്‍, അതിരുകള്‍ ഇവയൊന്നും ഒരു യാത്രപ്രിയരെ ബാധിക്കില്ല. ചൈന, അമേരിക്ക, ഫ്രാന്‍സ്, യുകെ ഈ രാജ്യങ്ങളൊക്കെ എപ്പോഴും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. തലമുറകള്‍ മാറുന്നതിനനുസരിച്ച് വിനോദസഞ്ചാര മേഖലയില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്.

ആരും എത്തിപ്പെടാത്ത കാടുകളില്‍ ട്രെക്കിങ് നടത്തുക, ആഴക്കടലിനടിയില്‍ നീന്തുക എന്നിവയൊക്കെയാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് പ്രിയം.
സാഹസികത നിറഞ്ഞ യാത്രകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്.

വൈല്‍ഡ്‌ലൈഫ് ടൂറിസം വളരുന്നു

സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം വൈല്‍ഡ്‌ലൈഫ് ടൂറിസത്തോടാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെ അടുത്ത് കാണാന്‍ ആളുകള്‍ സഫാരി ട്രിപ്പുകള്‍ തിരഞ്ഞെടുക്കുന്നു. ആഫ്രിക്കന്‍ ടൂറിസത്തിന്റെ ഒരു പ്രധാന ഭാഗമാണ് വൈല്‍ഡ്‌ലൈഫ് ടൂറിസമെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ സാഹസികയാത്രകളിലുണ്ടായ വളര്‍ച്ച 17ശതമാനമാണെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. 22ശതമാനമാണ് വൈല്‍ഡ്‌ലൈഫ് സഫാരിയിലുണ്ടായ വളര്‍ച്ച. സുരക്ഷിതമല്ലാത്ത സഫാരി യാത്രകള്‍ കാരണം കെനിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാ സൗകര്യത്തോടെയും സുരക്ഷിതത്വത്തോടെയുമാണ് എല്ലാ ഹോളിഡേ പാക്കേജുകളും ഒരുക്കിയിരിക്കുന്നത്.

അധികം പേരും സഞ്ചരിക്കാത്ത വഴികളിലൂടെ

അധികം ആരും സഞ്ചരിക്കാത്ത സ്ഥലങ്ങളും രാജ്യങ്ങളുമൊക്കെയാണ് ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. ഓരോ വര്‍ഷവും ഡൊമിനിഷ്യയില്‍ 73,000 സഞ്ചാരികളും, ടോംഗയില്‍ 45,000 സഞ്ചാരികളും, ബൂട്ടാനില്‍ 37,000 സഞ്ചാരികളുമാണ് എത്തുന്നത്. സഞ്ചാരികളുടെ സൗകര്യങ്ങള്‍ക്കുള്ള അപര്യാപ്തത, വിസ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍, യാത്രാ സൗകര്യങ്ങളുടെ കുറവ് എന്നിവയാണ് ഈ സ്ഥലങ്ങളിലേക്കൊന്നും അധികം സഞ്ചാരികള്‍ എത്താതിരിക്കുന്നതിനുള്ള കാരണം.

അതേസമയം, കെനിയ, റുവാന്‍ഡ, അരിസോണ, നേപ്പാള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കൂടുതലും സഞ്ചാരികള്‍ എത്തുന്നത്. എബിടിഎ റിപ്പോര്‍ട്ട് അനുസരിച്ച് മികച്ച 12ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ നേപ്പാളും, റുവാന്‍ഡയും ഇടം നേടിയിട്ടുണ്ട്. ടാന്‍സാനിയയിലെ വൈല്‍ഡ്‌ലൈഫ് സഫാരി അരിസോണയിലെ മനോഹരമായ റോഡ് ട്രിപ്പുകള്‍, പൊഖ്‌റയിലെ ബംജീ ജംപിംങ് എന്നിവയാണ് ഈ സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

ഒറ്റയ്ക്കുള്ള യാത്രകള്‍

സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഒറ്റയ്ക്കുള്ള യാത്രകളോടാണ് പ്രിയം. ട്രാവല്‍ കമ്പനികള്‍ അത് അനുസരിച്ചുള്ള ടൂര്‍ പാക്കുകളും ഇപ്പോള്‍ പുറത്തിറക്കുന്നുണ്ട്. മികച്ച ഓഫറുകളാണ് ഇത്തരത്തിലുള്ള യാത്രികര്‍ക്ക് അവര്‍ നല്‍കുന്നത്. ഏകദേശം 51ശതമാനം ആളുകളും ഇപ്പോള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് താല്പര്യപ്പെടുന്നത്. കറന്‍സി വ്യതിയാനങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും, ചിലവ് കുറയ്ക്കാനും സാധിക്കുന്നു.

ബഡ്ജറ്റ് അനുസരിച്ച് ഇഷ്ടമുള്ള സ്ഥലത്ത് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാം. ആരും ചോദ്യം ചെയ്യില്ല. ഒറ്റയ്ക്ക് യാത്രചെയ്യുന്നവരില്‍ 56ശതമാനം ആളുകളും അടുത്ത 12മാസങ്ങള്‍ക്കുള്ളില്‍ അടുത്ത സോളോ ട്രിപ്പിനുള്ള പദ്ധതികള്‍ ഒരുക്കിയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.