News

വാഹന പരിശോധന ഇനി 24 മണിക്കൂറും

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേരള മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് കേരള സ്‌ക്വാഡുകള്‍ രൂപീകരിക്കും.ഇത്തരം 51 സ്‌ക്വാഡുകള്‍ രൂപികരിക്കാനാണ് നീക്കം.

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവും. ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. ഇതിനായി 255 തസ്തികകളില്‍ ഉടന്‍ നിയനം നടത്തും.

സ്‌ക്വാഡുകളില്‍ ഡ്യൂട്ടിയില്ലാത്ത 14 എം.വി.ഐ.മാരെ ഓരോ മേഖലാ ഓഫീസിലും ഒരാള്‍ എന്നനിലയ്ക്ക് നിയമിക്കും. സേഫ് കേരളയിലേക്ക് നിയമിക്കുന്ന ആര്‍.ടി.ഒ.യെ ഒരുവര്‍ഷത്തേക്കും എം.വി.ഐ.യെ രണ്ടുവര്‍ഷത്തേക്കും എ.എം.വി.മാരെ മൂന്ന് വര്‍ഷത്തേക്കും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റില്ല. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ 34 സ്‌ക്വാഡുകളാണ് നിലവിലുള്ളത്.