ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി
ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു.
ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
മൂന്നു ജസ്റ്റിസുമാര്‍ ആധാര്‍ വിഷയത്തില്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോള്‍ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ആധാര്‍ കേസുമായി ബന്ധപ്പെട്ട നിയമം ധനബില്ലായി പരിഗണിക്കരുതെന്ന് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.
40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ ആധാറിലൂടെ അര്‍ഹരായവര്‍ക്ക് നല്‍കാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ നാലു മാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു.
വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍
- നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം.
- ആധാറില്‍ വിവരശേഖരണം പിഴവില്ലാത്തത്.
- ഒറ്റത്തിരിച്ചറിയല്‍ സംവിധാനം നല്ലത്.
- ആനുകൂല്യങ്ങള്‍ നേടുന്നതിന് ഗുണകരം.
- സിബിഎസ്ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല.
- ആധാര്‍ ഇല്ലെങ്കില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുത്.
- അവകാശങ്ങള്‍ക്കു മേല്‍ സര്‍ക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.
നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യം. - ആധാര്‍ നിയമത്തിലെ 33(പാര്‍ട്ട് 2), 57 വകുപ്പുകള്‍ റദ്ദാക്കി.
- ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാകില്ല.
- മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറില്‍ ചേര്‍ക്കേണ്ടതില്ല.
- നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ വിലക്കണം.
- ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിക്കേണ്ടതില്ല.
- പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം.
- സ്വകാര്യ കമ്പനികള്‍ക്കും വിവരങ്ങള്‍ നല്‍കരുത്.
- വിവരങ്ങള്‍ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറരുത്.
- വിവരങ്ങള്‍ ചോര്‍ത്തിയാല്‍ കോടതിയെ സമീപിക്കാം.
- വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.