കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും
കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ച് വരവാകും ഉണ്ടാകുന്നത്.
കെ ടി എം 2018 നോട് അനുബന്ധിച്ച് നടത്തുന്ന പ്രീ മീഡിയ ടൂറിന്റെ ഭാഗമായി ദേശീയ അന്താരാഷ്ട്ര വക്താക്കള്‍ ഇന്ന് കൊച്ചിയില്‍ നിന്നും കോവളത്ത് എത്തിച്ചേര്‍ന്നു. ഇവരെ കെ ടി എം സൗത്ത് കേരള പോസ്റ്റ് മാര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ മനോജ് ബാബുവും, ലീല കോവളം ജി എം ദിലീപും, സാഗര കോവളം എംഡി ശിശുപലനും ചേര്‍ന്ന് സ്വീകരിച്ചു. ഇവര്‍ കോവളം, തിരുവനന്തപുരം, ജടായു ഏര്‍ത്ത് സെന്റര്‍, കൊല്ലം, ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു 27നു കൊച്ചിയില്‍ തിരിച്ചെത്തും.
കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് സാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍, സെമിനാറുകള്‍ നയരൂപികരണ ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും. അവസാന ദിവസം പൊതുജനങ്ങളെ സൗജന്യമായി പ്രവേശിപ്പിക്കും. 393 വിദേശ ബയര്‍മാരും 1095 ആഭ്യന്തര ബയര്‍മാരും കെ ടി എമ്മിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
ഏതു പ്രതിസന്ധിയേയും അതിജീവിക്കുന്നവരാണ് കേരളീയര്‍ എന്ന സന്ദേശം ലോകത്തിനെ അറിയിക്കാനുള്ള അവസരമായി കെ ടി എമ്മിനെ ഉപയോഗിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഉപദേശക സമിതി വിദ്ഗധാംഗവും കെടിഎമ്മിന്റെ മുന്‍ പ്രസിഡന്റമായിരുന്ന എബ്രഹാം ജോര്‍ജ് പറഞ്ഞു.