Kerala

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി;സുരക്ഷിതനെന്ന് നാവികസേന

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട ഇന്ത്യന്‍ നാവികസേന കമ്മാന്റര്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു. അപകടത്തില്‍ പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഗ്രിഗറിനെ രക്ഷിക്കാനായി ഫ്രഞ്ച് കപ്പല്‍ ഓസിരിസ് ഇപ്പോള്‍ നീങ്ങുകയാണ്. ഇദ്ദേഹവും അഭിലാഷ് ടോമിക്ക് സമീപത്ത് തന്നെയുണ്ടെന്നാണ് വിവരം.


അഭിലാഷ് ടോമിക്ക് ഇപ്പോഴും ബോധമുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നാണ് കപ്പലില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. അദ്ദേഹത്തിന് വെളളവും ഭക്ഷണവും നല്‍കി. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷ് ടോമിക്ക് അടുത്തേക്ക് എത്തിയത്. അദ്ദേഹത്തിന് പ്രാഥമിക വൈദ്യശുശ്രൂഷകള്‍ക്ക് ശേഷം ഓറഞ്ച് നിറത്തിലുളള സ്‌ട്രെച്ചറിലാണ് മാറ്റിയത്.

പായ്വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷ് ടോമിയുടെ നടുവിനാണ് പരിക്കേറ്റിരിക്കുന്നത്. അദ്ദേഹത്തിന് അനങ്ങാന്‍ സാധിക്കാത്ത നിലയിലാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗത്തില്‍ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് ശ്രമം.

ഓസിരിസ് കപ്പലിനെ ബന്ധിപ്പിച്ച യാനങ്ങളാണ് ഇപ്പോള്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനായി എത്തിയിരിക്കുന്നത്. ഇത് രണ്ട് സോഡിയാക് ബോട്ടുകളാണ്. അഭിലാഷ് ടോമിയുടെയും ഇദ്ദേഹം യാത്ര ചെയ്ത തുരിയ പായ്വഞ്ചിയുടെ നില നിരീക്ഷിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ പി8ഐ വിമാനം ഈ പ്രദേശത്ത് ആകാശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

 

മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കുന്നതിനുളള ഫ്രാന്‍സിന്റെ ഓസിരിസ് എന്ന കപ്പലാണ് അഭിലാഷ് ടോമിയുടെ അരികിലേക്ക് ആദ്യമെത്തുക. അഭിലാഷിന് അടിയന്തര വൈദ്യസഹായവും ഭക്ഷണവും ഈ കപ്പലില്‍ നിന്ന് നല്‍കും.

കടലില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് പടുകൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അഭിലാഷ് ടോമിയുടെ പായ് വഞ്ചി അപകടത്തില്‍ പെട്ടത്. പായ് വഞ്ചിയുടെ തൂണ്‍ തകര്‍ന്ന് അഭിലാഷിന്റെ ദേഹത്ത് വീണു. ഇതേ തുടര്‍ന്ന് അഭിലാഷിന് സാരമായി പരുക്കേറ്റു.

അഭിലാഷിന് ബോട്ടില്‍ എങ്ങോട്ടും നീങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. ഓസിരിസില്‍ നിന്ന് ഓസീസ് കപ്പലായ എച്ച്എഎംഎസ് ബല്ലാരതിലേക്ക് മാറ്റാനാണ് തീരുമാനം. ഇവിടെ നിന്ന് അഭിലാഷിനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും. ഇന്ത്യയുടെ യുദ്ധവിമാനമായ പി8ഐയില്‍ നിന്നും ഇപ്പോള്‍ അഭിലാഷിന്റെ പായ് വഞ്ചിയെ നിരീക്ഷിക്കുന്നുണ്ട്.