Food

രുചിക്കൂട്ടുകള്‍ക്ക് ഹരമായി തന്തൂരി ചായ

തന്തൂരി ചിക്കന്‍, തന്തൂരി റൊട്ടി, തന്തൂരി ബിരിയാണി എന്നീ വിഭവങ്ങള്‍ നമുക്ക് സുപരിചിതമാണെങ്കിലും ദേ ഇതേ പേരില്‍ ഹിറ്റാകുന്നു. നല്ല കനലില്‍ പൊള്ളുന്ന മണ്‍കലത്തില്‍ പാകപ്പെടുത്തിയെടുത്ത ചായ കുടിച്ചിട്ടുണ്ടോ? അങ്ങനെ ഉണ്ടാക്കുന്ന ചായയുടെ പേരാണ് തന്തൂരി ചായ.

ഇതാരപ്പാ ഈ തന്തൂരിച്ചായ കണ്ടുപിടിച്ചതെന്നാണോ ആലോചിക്കുന്നത്. പൂനയിലാണ് ഈ ചായയുടെ ഉത്ഭവം. നമ്മള്‍ മലയാളികള്‍ എന്തും പരീക്ഷിക്കുന്നവരായത് കൊണ്ട് കേരളത്തിലും  ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ് തന്തൂരി ചായ.

തന്തൂരി അടുപ്പില്‍ വെച്ച് ചുട്ട മണ്‍കലത്തില്‍ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയ്യാറാക്കുന്നത്. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ തിളച്ച് മറിയുന്നതാണ് ഇതിന്റെ മാജിക്ക്. ഇതോടെ ചായ പൂര്‍ണമായും പാകമാകും. മണ്‍കലത്തില്‍ പാകമാകുന്നത് കൊണ്ട് തന്നെ ഇതിന് വില അല്‍പം കൂടുതലാണ് 20 മുതല്‍ 25 രൂപ വരെയാണ് ഒരു ഗ്ലാസ് ചായയ്ക്ക്. വില കൂടിയാലെന്താ രുചി കൊണ്ട് ആരാധകരെ കീഴടക്കുന്നതാണ് തന്തൂരി ചായ.

ലസിയെ കൈനീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് ഇപ്പോള്‍ തന്തൂരി ചായയാണ് പ്രിയം.
പെരുന്തല്‍മണ്ണ, കോട്ടക്കല്‍ ഭാഗത്താണ് തന്തൂരി ചായ ഇപ്പോള്‍ ലഭിക്കുന്നത്. തന്തൂരി ചായയുടെ വ്യത്യസ്ത രുചിയാണ് ആളുകളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നത്. വെള്ളം ചേര്‍ക്കാത്ത ശുദ്ധമായ പാലില്‍ ആസാമില്‍ നിന്ന് വരുന്ന പ്രത്യേക മസാല തേയിലയില്‍ ഉണ്ടാക്കുന്നത് കൊണ്ടാണ് ചായയ്ക്ക് ഇത്ര രുചി കൂടുന്നതിന്റെ രഹസ്യം. വൈകാതെ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ തന്തൂരി ചായ ലഭിച്ച് തുടങ്ങും.