News

സിക്കിം ഇനി വിമാനത്താവളങ്ങളില്ലാ സംസ്ഥാനമല്ല

രാജ്യത്ത് വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് ഇനി സിക്കിമിനില്ല. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്ന് സിക്കിമില്‍ ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം. സിക്കിമില്‍ വിമാനം പറന്നിറങ്ങുന്നതോടെ ഹിമാലയന്‍ താഴ്‌വരയിലേക്ക് നേരിട്ട് വിമാനമിറങ്ങാം.

സിക്കിമിലെ ദി പാക്യോങ് വിമാനത്താവളം തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്ന് 30 കിമി അകലത്താണ് സ്ഥിതി ചെയ്യുന്നത്. ഹരിതമനോഹരമായ പാക്യോങ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 4500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1.7 കി.മീ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വേ ആണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.

രാജ്യത്തെ നൂറാമത് വിമാനത്താവളമാണ് പാക്യോങ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന പേരും ഇതോടെ പാക്യോങിന് സ്വന്തമാവും.കുറഞ്ഞചിലവില്‍ ചെറു യാത്രകള്‍ക്കായി സ്പൈസ്ജെറ്റ് ഇതിനോടകം തന്നെ അനുമതി വാങ്ങിക്കഴിഞ്ഞു.


2008ല്‍ നിര്‍മ്മാണമാരംഭിച്ച വിമാനത്താവളം 350 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിക്കിമിലേക്ക് വിമാനമാര്‍ഗമെത്താന്‍ അയല്‍ സംസ്ഥാനമായ പശ്ചിമബംഗാളിനെയാണ് ആശ്രയിച്ചിരുന്നത്. സെപ്റ്റംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ മുതല്‍ യാത്രകള്‍ സാധ്യമാകും.