Tech

പങ്കുവെയ്ക്കാം പ്രണയം; ഡേറ്റിംങ് ആപ്പുമായി ഫേസ്ബുക്ക്

യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കാനായി ഫേസ്ബുക്ക് ആരംഭിക്കുന്ന ‘ഡേറ്റിംങ്’ ആപ്പിന്റെ പരിക്ഷണം കൊളംബിയയില്‍ ആരംഭിച്ചു സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. മെയ് മാസത്തില്‍ നടന്ന എഫ്8 കോണ്‍ഫറന്‍സിലാണ് വെബ്സൈറ്റ് സംബന്ധിച്ച ആദ്യ അറിയിപ്പ് പ്രഖ്യാപിച്ചത്. 18 വയസ്സ് മുതലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

വെബ്സൈറ്റില്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയാണ് ആദ്യപടി. അതിനുശേഷം പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. നിലവില്‍ ടിന്‍ഡര്‍, ബംബിള്‍ എന്നിങ്ങനെ നിരവധി ഡേറ്റിങ് ആപ്പുകള്‍ ഉണ്ട്. എങ്കിലും ലോകത്തെ ഭൂരിഭാഗം ആളുകള്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതുകൊണ്ട് തന്നെ ഇതിലൂടെ യോജിച്ച പങ്കാളിയെ കണ്ടെത്തുന്നത് കുറച്ചുകൂടി എളുപ്പമായിരിക്കുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു.

സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെ പുതിയ സേവനവുമായി ഫേസ്ബുക്ക് എത്തുന്നത്. തീര്‍ത്തും സ്വതന്ത്ര്യമായ ഡേറ്റിംങ് ആപ്പായിരിക്കും ഇതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക പ്രൊഫൈല്‍ ഉപയോക്താകള്‍ക്ക് നിര്‍മിക്കാനാവും. എന്നാല്‍ ഈ പ്രൊഫൈല്‍ ഫേസ്ബുക്ക് ന്യൂസ്ഫീഡിലോ ഫേസ്ബുക്ക് സുഹൃത്തുകള്‍ക്കോ കാണാനാവില്ല.

പ്രൊഫൈല്‍ നിര്‍മിച്ചതിന് ശേഷം ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കും ലോക്കേഷനു അനുസരിച്ചുള്ള ഗ്രൂപ്പ്കളും ഇവന്റുകളും കാണാനാകും. മെസഞ്ചറിന്റെ സഹായമില്ലാതെ രഹസ്യമായി ചാറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഫേസ്ബുക്ക് ഡേറ്റിംങ് ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഉപയോക്താക്കളുടെ സ്വകാര്യതയെ പൂര്‍ണമായി മാനിച്ച് കൊണ്ടാവും പുതിയ സേവനം ആരംഭിക്കുകയെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. 200 മില്യണ്‍ അവിവാഹിതര്‍ ഫേസ്ബുക്കില്‍ ഉള്ള സാഹചര്യത്തില്‍ ഈ പുതിയ ആപ്പിലൂടെ അര്‍ഥപൂര്‍ണ്ണമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo courtesy: Rob Latour

അടുത്തിടെ യുവജനങ്ങള്‍ക്ക് ഫേസ്ബുക്കിനോട് താല്പര്യം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നഷ്ടപ്പെട്ട സ്വീകാര്യത വര്‍ധിപ്പിക്കാനായി പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ഇതിലൂടെ ഫേസ്ബുക്ക്. പ്യൂ റിസര്‍ച് സെന്ററാണ് ഫേസ്ബുക്കിനോടു താല്‍പര്യമില്ലാത്ത കൗമാരക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചെറുപ്പക്കാര്‍ കൂട്ടത്തോടെ മറ്റു സമൂഹമാധ്യമങ്ങളിലേക്കു ചേക്കേറുന്നതായാണു വിവരം. ഫേസ്ബുക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കളിലൊന്നാണ് 13 വയസ്സിനും 17നും ഇടയ്ക്കു പ്രായമുള്ളവര്‍. ഇവരാണിപ്പോള്‍ കൈവിട്ടു പോയിരിക്കുന്നത്.

യൂട്യൂബിന്റെ ആരാധകര്‍ 85 ശതമാനമുണ്ട്. സ്നാപ്ചാറ്റിലാകട്ടെ 69 ശതമാനവും. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമും വില്ലനായുണ്ട്. ഇന്‍സ്റ്റഗ്രാമിലേക്കും കൗമാരക്കാര്‍ കൂട്ടത്തോടെ കൂടുമാറുകയാണ്. മുന്‍കാലത്തേക്കാളും സമൂഹമാധ്യമങ്ങളില്‍ ചെറുപ്പക്കാര്‍ സമയം ചെലവിടുന്നത് വര്‍ധിച്ചെങ്കിലും അതു മുതലെടുക്കാന്‍ ഫേസ്ബുക്കിനാകുന്നില്ലെന്നാണു സര്‍വേ വ്യക്തമാക്കിയിരുന്നു.

നേരത്തേ ഫേസ്ബുക് മാത്രമായിരുന്നു കൗമാരക്കാരുടെ പ്രധാന ആശ്രയം. എന്നാല്‍ ഇന്നവര്‍ക്ക് കൂടുതല്‍ പ്ലാറ്റ്ഫോമുകളുണ്ട്. അതാകട്ടെ ഫേസ്ബുക്കിനുണ്ടാക്കുന്നതു വന്‍ ഭീഷണിയും. ഇതെല്ലാം മറികടക്കുകയാണ് ഡേറ്റിംങ് ആപ്പിലൂടെ ഫേസ്ബുക്ക് ലക്ഷ്യം വെയ്ക്കുന്നത്.

അടുത്തിടെ പരീക്ഷണാടിസ്ഥാനത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ ഡേറ്റിംങ് ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. ആപ്പ് ഗവേഷകനായ ജെയ്ന്‍ വോംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അന്ന് പുറത്തുവിട്ടത്. ഫേസ്ബുക്കില്‍ വരാന്‍ പോകുന്ന ഫീച്ചറിന്റെ ‘ഫസ്റ്റ് ലുക്കും’ പുറത്തുവന്നിരുന്നു. ജീവനക്കാര്‍ വിവരങ്ങള്‍ നല്‍കിയാണ് പരീക്ഷണം പുരോഗമിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഡേറ്റിംഗ് പ്രോത്സാഹിപ്പിക്കുകയല്ല പരീക്ഷണത്തിന്റെ ഉദ്ദേശ്യമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുകയും ചെയ്തു.