India

100 മികച്ച ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഇടം നേടി നാല് ഇന്ത്യന്‍ സ്ഥലങ്ങള്‍

ലോകത്തെ മികച്ച സ്ഥലങ്ങളുടെ ആദ്യ വാര്‍ഷിക പട്ടികയുമായി ടൈം മാഗസിന്‍. തീം പാര്‍ക്കുകള്‍, ബാറുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കണ്ടുപിടുത്തങ്ങള്‍, ഗുണനിലവാരം, സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വെച്ചാണ് വ്യവസായ പ്രമുഖരും, പത്രാധിപന്മാരും ചേര്‍ന്ന് 2018-ലെ മികച്ച സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

48 രാജ്യങ്ങള്‍, ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നും 100 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. വിയറ്റ്‌നാമിലെ ബാന ഹില്‍സിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് മുതല്‍ മോസ്‌കോയിലെ സര്‍യ്യാദിയ പാര്‍ക്ക് വരെയാണ് പട്ടികയിലുള്ളത്. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പാര്‍ക്കില്‍ പത്ത് മില്യണ്‍ സന്ദര്‍ശകരാണ് ഇതുവരെയെത്തിയത്.

ഇന്ത്യയിലെ നാല് സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ന്യൂഡല്‍ഹിയിലെ സുന്ദര്‍ നഴ്‌സറി, രാജസ്ഥാനിലെ ആഡംബര ഹോട്ടലായ അലില ഫോര്‍ട്ട് ബിഷന്‍ഗര്‍, അവാര്‍ഡ് നേടിയ ഇന്ത്യന്‍ അസെന്റ് റെസ്റ്റോറന്റ്, ചണ്ഡിഗഡിലെ ഒബ്‌റോയ് സുഖ്വിലാസ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നിവയാണ് തിരഞ്ഞെടുത്ത സ്ഥലങ്ങള്‍.

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അസെന്റ് ഹോട്ടല്‍ നിരവധി അവാര്‍ഡുകളാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. ഇവിടുത്തെ പ്രശസ്തനായ ഷെഫായ മനിഷ് മെഹ്രോത്ര അമേരിക്കന്‍ എക്‌സ്പ്രസിന്റെ ‘ബെസ്റ്റ് ഷെഫ് അവാര്‍ഡ് ഇന്‍ ഇന്ത്യ’ ജേതാവാണ്. ന്യൂയോര്‍ക്കിലും ലണ്ടനിലും ഇന്ത്യന്‍ അസെന്റിന് ബ്രാഞ്ചുകളുണ്ട്.

ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന സുന്ദര്‍ നഴ്‌സറിയാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു സ്ഥലം. നവീകരണത്തിന് ശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇത് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. തൊട്ടടുത്തുള്ള ഫോര്‍ട്ടും മൃഗശാലയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വലിയൊരു നവീകരണം നടത്തിയത്.

രാജസ്ഥാനിലെ അലില ഫോര്‍ട്ടാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു സ്ഥലം. ഇതൊരു ആഡംബര ഹോട്ടലായി പുതുക്കി പണിയുകയായിരുന്നു. ഡല്‍ഹിയിലെ തിരക്കുകളില്‍ നിന്ന് മാറി സമയം ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ഇത്. ട്രിപ്പ് അഡൈ്വസറിലെ സന്ദര്‍ശകര്‍ ഈ സ്ഥലത്തിന് മികച്ച റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഹോട്ടലിലെ നിരക്ക് അല്‍പം കൂടുതലാണ്. മികച്ച റൂം സര്‍വ്വീസുകളും ചരിത്രപരമായ പ്രാധാന്യം ഉള്ള ഒരു സ്ഥലമായതിനാലും, മനോഹരമായ കാഴ്ചകള്‍ നല്‍കുന്നതിനാലും നിരക്ക് അല്‍പം കൂടുതലായാലും പ്രശ്‌നമില്ല.