ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; നാവികന്‍ അഭിലാഷ് സുരക്ഷിതന്‍ തിരച്ചിലിന് ഇന്ത്യന്‍ നേവിയും
ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‌വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിക്കുന്നത്.
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി.ഗുരുതര പരുക്കുണ്ടെന്നും സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും സന്ദേശം. കണ്ടെത്താന്‍ വിപുലമായ തിരച്ചിലിന് നാവികസേനയും ഐഎന്‍എസ് സത്പുരയും .
എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോര്‍ഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും.
പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ കഴ തകര്‍ന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തില്‍ പറയുന്നു. സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്ന സന്ദേശം പിന്നാലെയെത്തി.
അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സത്പുര പുറപ്പെട്ടു. ഓസ്‌ട്രേലിയന്‍ റെസ്‌ക്യു കോര്‍ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.
ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി ‘തുരിയ’, ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ്വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.
ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാര്‍ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിരുന്നു. ഭക്ഷണമായി കരുതിയിരുന്ന പോപ് കോണ്‍ തീരുകയാണെന്നും വഞ്ചിയില്‍ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കള്‍ ഉപയോഗിച്ചുതുടങ്ങാതെ മാര്‍ഗമില്ലെന്നുമാണു സന്ദേശം.
കേരളത്തില്‍നിന്നുള്ള തടിയും വിദേശനിര്‍മിത പായകളും ഉപയോഗിച്ചു ഗോവയിലെ അക്വാറിസ് ഷിപ്യാഡിലാണു തുരിയ ‘പായ്വഞ്ചി’ നിര്‍മിച്ചത്. ഉപനിഷത്തില്‍നിന്നാണു ‘തുരിയ’ എന്ന പേരു കണ്ടെത്തിയത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവ കഴിഞ്ഞുള്ള നാലാമത്തെ അവസ്ഥയാണു തുരീയം. മുനിമാരുടെ ബോധതലം – ഞാനെന്ന ഭാവം ഉപേക്ഷിക്കപ്പെട്ടു സമ്പൂര്‍ണ സമത കൈവരുന്ന അവസ്ഥയെന്നാണു ‘തുരിയ’ അര്‍ഥമാക്കുന്നത്.