News

വിമാനത്താവളങ്ങള്‍ സ്മാര്‍ട്ടാവുന്നു; മുഖം കാണിച്ചാല്‍ ഇനി വിമാനത്തില്‍ കയറാം

രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്മാര്‍ട്ടാവാന്‍ ഒരുങ്ങുന്നു. വിമാനത്താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ഇനി ടിക്കറ്റും ബോര്‍ഡിങ് പാസുമായി കാത്തു നില്‍ക്കേണ്ടതായി വരില്ല. പകരം ഫേയ്‌സ് സ്‌കാനര്‍ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. ഇതോടെ മുഖം നോക്കി യാത്രക്കാരെ തിരിച്ചറിയാനാവും. ഇത് ചെക്ക് ഇന്‍ കൗണ്ടറിലെ നീണ്ട കാത്തിരുപ്പ് അവസാനിപ്പിക്കും.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ 2020ഓടെ ഇത് നിലവില്‍വരും. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാനത്താവളം ബാംഗളൂരുവായിരിക്കും. അടുത്ത വര്‍ഷം ആദ്യം അവിടെ ഇത് നടപ്പില്‍ വരും. ഹൈദാബാദ്, കൊല്‍ക്കത്ത, വാരാണസി, വിജയവാഡ, പുണെ എന്നിവിടങ്ങളിലും അതിന് ശേഷം ചെന്നൈയിലും പദ്ധതി കൊണ്ടുവരാനാണ് തീരുമാനം. പിന്നീട് രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.

വ്യോമയാന മന്ത്രാലത്തിന്റെ ഡിജി യാത്ര പദ്ധതി പ്രകാരമുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. ഒരിക്കല്‍ മുഖം സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. പിന്നീട് യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റിന്റെ പ്രിന്റ് കാണിക്കുകയോ ബോര്‍ഡിങ് പാസെടുക്കുകയോ ചെയ്യാതെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ക്യാമറയ്ക്കുമുന്നില്‍ മുഖംകാണിച്ചാല്‍ മതിയാകും. തുടര്‍ന്ന് സുരക്ഷാപരിശോധന അടക്കമുള്ള നടപടികള്‍ക്ക് വിധേയമാകാം.

ബെംഗളൂരു വിമാനത്താവളത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സാധാരണ ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കൊപ്പം പ്രത്യേക ഇഗേറ്റുകളായിരിക്കും ഇതിനായി ക്രമീകരിക്കുക. എല്ലാ വിമാനക്കമ്പനികളും ഇതിനുള്ള ക്രമീകരണം ചെയ്തിട്ടില്ലാത്തതിനാല്‍ ജെറ്റ് എയര്‍വേസ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും തുടക്കത്തില്‍ സൗകര്യം ഉപയോഗപ്പെടുത്താനാവുക.