നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത് -2

(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ഇന്ന് അഭിപ്രായം പങ്കുവെയ്ക്കുന്നത്  ഇ എം നജീബ്.  

കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്റ്റ്റി പ്രസിഡന്റും  അയാട്ടോ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്

 

 

കെടുതികള്‍ ആവര്‍ത്തിക്കാത്ത നവകേരളമാകണം ലക്ഷ്യം. പ്രളയം വരുത്തിയ ദുഷ്പേര് തിരുത്തണം.ലോകത്തിനു കേരളം ഒരു പുതിയ മാതൃക കാട്ടണം. പോയ കാലത്തിന്‍റെ അനുഭവങ്ങളില്‍ നിന്നാകണം നവകേരള നിര്‍മിതി. തിരുത്തേണ്ടവ തിരുത്തിയും അനുഭവങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ടവ സ്വാശീകരിച്ചുമാകണം പുതുകേരള സൃഷ്ടി.

ഒരുപിടിക്കാര്യങ്ങള്‍ ഉടനടി

ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കാന്‍ മുന്‍ഗണന നല്‍കണം.തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കണം. ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍,ഹെറിറ്റേജുകള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചെങ്കില്‍ അതും നന്നാക്കണം. ഈ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കുക എന്നത് മാത്രമല്ല, നാം സമ്പൂര്‍ണ സജ്ജരെന്ന വിവരം ലോകത്തെ അറിയിക്കുകയും വേണം.
ഈ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ടൂറിസം മേഖലയും കൈകോര്‍ത്തു പിടിക്കണം.നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ നിലനിര്‍ത്തുക എന്നതാവരുത് ലക്‌ഷ്യം. മുന്‍പത്തേക്കാള്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നത് കൂടിയാവണം.

സര്‍വപ്രധാനം ഗതാഗതം

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പെട്ടെന്ന് നന്നാക്കണം. ഇത് പോലെ പ്രധാനമാണ് ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യ നിര്‍മാര്‍ജനവും സ്ഥലങ്ങളുടെ പരിപാലനവും. ടൂറിസം കേന്ദ്രങ്ങളുടെ വിപണനവും(മാര്‍ക്കറ്റിംഗ്) അനുഭവവേദ്യമാക്കലും (എക്സ്പീരിയന്‍സ് പ്രൊവൈഡിംഗ്) ഈ മേഖല തന്നെ ചെയ്യും. അടിസ്ഥാന സൗകര്യ കാര്യത്തിലടക്കമാണ് സര്‍ക്കാര്‍ സഹായം വേണ്ടത്.

മറക്കരുത് പ്രകൃതിയെ

ടൂറിസം മേഖല പരിസ്ഥിതിയെ മറക്കരുത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചും പ്രകൃതിയെ ചൂഷണം ചെയ്യാതെയും വേണം പ്രവര്‍ത്തിക്കേണ്ടത്. ഹോട്ടലുകളും റിസോര്‍ട്ടുകളും നിര്‍മിക്കുമ്പോള്‍ കെട്ടിട നിര്‍മാണരീതി നിര്‍ബന്ധമാക്കണം.ഇതില്‍ നിന്ന് ഭിന്നമായ നിര്‍മാണം അനുവദിയ്ക്കരുത്.ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെ ഈ നിലയില്‍ ആസൂത്രിത പദ്ധതികളോടെ പരിപാലിക്കുന്നവയാണ്.

വേണം സംസ്ഥാനതല സമിതി

കെട്ടിട നിര്‍മാണത്തിന് പരിസ്ഥിതി സൗഹൃദവും പ്രകൃതിയെ ചൂഷണം ചെയ്യാതെയുമുള്ള നടപടികളും അനുമതിയും വേണമെന്ന് പറയുമ്പോള്‍ അത് മറികടക്കാന്‍ പലരും ശ്രമിച്ചെന്ന് വരും. സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഈ സമ്മര്‍ദം മറികടക്കാന്‍ കഴിയണമെന്നില്ല. ഈ സാഹചര്യത്തില്‍ നിര്‍മാണ അനുമതിയ്ക്കു സംസ്ഥാനതല സമിതിയുണ്ടാക്കണം. ഈ സമിതിയുടെ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കരുത്.