Kerala

പ്രളയാനന്തരം വിരുന്നുകാരായി അവരെത്തി

പ്രളയത്തെ അതിജീവിച്ച് മുന്നോട്ടുപോകുന്ന കോള്‍പ്പാടങ്ങളിലേക്ക് ദേശാടനപക്ഷികള്‍ വിരുന്നെത്തിത്തുടങ്ങി. അടുത്ത കൃഷിക്കായി പടവുകളില്‍ വെള്ളം വറ്റിക്കുന്നതടക്കമുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ക്കിടയിലാണ് കര്‍ഷകരിലും കുളിര്‍കാഴ്ചയൊരുക്കി ദേശാടനപക്ഷികളുടെ വിരുന്നെത്തി തുടങ്ങിയത്.

തൃശൂര്‍ കോള്‍മേഖലയില്‍ അയനിക്കാട് തുരുത്തിന് സമീപം ആയിരക്കണണിക്ക് നീര്‍പക്ഷികളാണ് വിരുന്നെത്തിയിരിക്കുന്നത്. വര്‍ണ്ണകൊക്കുകളും ഗോഡ്വിറ്റുകളും കരണ്ടിക്കൊക്കുകളും സൂപ്പര്‍ താരങ്ങളായ പെലിക്കണും രാജഹംസവും കോള്‍പാടങ്ങളില്‍ പറന്ന് നടക്കുകയാണ്.

നാട്ടുകാരനായ ജോസഫ് ചിറ്റിലപ്പിള്ളിയാണ് കഴിഞ്ഞദിവസം പക്ഷിക്കൂട്ടത്തിനിടയില്‍നിന്ന് നാല് വലിയ രാജഹംസങ്ങളെ കണ്ടെത്തിയത്. കോള്‍പ്പാടത്തെ പരിസ്ഥിതി കൂട്ടായ്മയായ കോള്‍ ബേഡേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ നിന്ന് പട്ടവാലന്‍ ഗോഡ്വിറ്റ്, വരയന്‍ മണലൂതി തുടങ്ങി കോളില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന പക്ഷികള്‍ പലതിനേയും കണ്ടെത്താനായി.

പാടശേഖരത്തിന് നടുവിലുള്ള ഒരു പ്രദേശമാകയാല്‍ വെള്ളക്കെട്ട് പെട്ടെന്ന് ബാധിക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു പ്രദേശമാണിത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പല പക്ഷികളേയും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷികളുടെ ദേശാടനപാതയിലെ ഒരു പ്രധാന ഇടത്താവളം കൂടിയാണത്.

തൃശൂര്‍ കോള്‍മേഖലയില്‍ ഒരുപാട് നീര്‍പക്ഷികള്‍ ചേക്കേറുന്ന കോളിലെ ഒരു പ്രധാന കൊറ്റില്ലമാണ് അയനിക്കാട് പക്ഷിത്തുരുത്ത്. പ്രളയത്തില്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചവരുമായ തോളൂര്‍ പഞ്ചായത്തില്‍പ്പെടുന്ന ഇവിടത്തെ 31 കുടുംബങ്ങള്‍ക്ക് ദേശാടനപക്ഷികളെ വീക്ഷിക്കാനെത്തിയ പക്ഷി സ്നേഹികള്‍ സഹായങ്ങള്‍ നല്‍കി. ഒരോ ബെഡും തലയിണയുമാണ് വിതരണം ചെയ്ത്.

കോള്‍ സീസണ്‍ സമയത്ത് ഒട്ടനവധി പക്ഷികള്‍ ചേക്കാറാന്‍ തെരഞ്ഞെടുക്കുന്ന ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു സ്ഥലമാണ് അയനിക്കാട്. അതുകൊണ്ട് തന്നെ പക്ഷികാഷ്ടത്തിന്റെ ദുര്‍ഗന്ധവുമടക്കം പലപ്പോഴും ജനജീവിതം വളരെ ബുദ്ധിമുട്ടേറിയതാണ്. ഈ പക്ഷി കാഷ്ഠം കൃഷിക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. എന്നാല്‍ മനുഷ്യന് ഏറെ അസ്വസ്ഥതയും സൃഷ്ടിക്കും. എന്നിട്ടും പക്ഷികളെ തുരത്താതെ അവയ്ക്ക് സംരക്ഷണം നല്‍കുന്ന അയനിക്കാട്ടുകാരോടുള്ള സ്നേഹത്തിന് എത്രവില നല്‍കിയാലും മതിയാവില്ലെന്നാണ് പക്ഷിനിരീക്ഷകരുടെ കൂട്ടായ്മ പറയുന്നത്.