വയനാട് പാല്‍ച്ചുരം തുറന്നു; 15 ടണ്ണില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം

 

കനത്തമഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. ഇന്നലം മുതല്‍ വാഹനങ്ങള്‍ ഇതു വഴി കടത്തി വിടുന്നുണ്ട്. എന്നാല്‍ 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാത്രമേ ചുരം വഴി കടന്നു പോകാനാവൂ.

റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ണമായും കഴിഞ്ഞാല്‍ മാത്രമേ 15 ടണഅണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. അമ്പായത്തോട് മുതല്‍ ബോയ്‌സ് ടൗണ്‍ വരം 6.27 കിലോമീറ്ററാണ് പാല്‍ചുരത്തിന്റെ ദൂരം.

ഇതില്‍ വനമേഖലയിലുള്ള മൂന്നര കിലോമീറ്ററിലേറെ ദുരം റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. ചില ഭാഗങ്ങള്‍ ഒഴുകി പോകുകയും പാര്‍ശ്വഭിത്തി ഇടിഞ്ഞ് തകരുകയും ചെയ്തു. തുടര്‍ന്നാണ് അധികൃതര്‍ ചുരം റോഡിലൂടെ ഗതാഗതം നിരോധിച്ചത്.

റോഡ് പൂര്‍ണ്ണമായും ഒഴുകി പോയ 50 മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. ഞായറാഴ്ച ചുരത്തിലൂടെ ബസ് ട്രയല്‍ റണ്‍ നടത്തുകയും ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.

പാര്‍ശ്വഭിത്തി വലിയ തോതില്‍ തകര്‍ന്ന ചിലയിടങ്ങളില്‍ ഗതാഗതം നിയന്ത്രണം തുടരും. ഇവിടങ്ങളില്‍ ഒരേ സമയം ഒരു വാഹനം മാത്രമെ കടത്തിവിടൂ. ഇത്തരം ഭാഗങ്ങളില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി പാലിച്ച് മാത്രമെ വാഹനങ്ങള്‍ കടന്നു പോകാന്‍ പാടുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് വടകര ചുരം ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.പ്രശാന്ത് അറിയിച്ചു.