ഉംറ തീര്‍ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശനം നടത്താം
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശം നടത്താം. സൗദിയിലേയ്ക്ക് കൂടുതല്‍ തീര്‍ത്ഥാടരെ ആകര്‍ഷിക്കാനാണ് നടപടി. ഈ വരുന്ന ഉംറ സീസണിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു.
നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്നത്. മാത്രമല്ല ഉംറ വിസ കാലാവധി പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെയായി നീട്ടി നല്‍കും. പതിനഞ്ച് ദിവസം ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായി മക്ക, മദീന നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ബാക്കി പതിനഞ്ച് ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും അനുവദിക്കുക.
ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും. മക്കയും മദീനയും ഒഴികെയുള്ള സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു പ്രത്യേക ടൂര്‍ പാക്കേജ് സൗദിക്കു പുറത്ത് നിന്നും തന്നെ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് ഡപ്യൂട്ടി ഹജ്ജ് മന്ത്രി അബ്ദുല്‍ ഫത്താഹ് മഷാത് അറിയിച്ചു.
കഴിഞ്ഞ സീസണില്‍ 63 ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയത്. ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് അവസരം നല്കാന് ഒരുങ്ങുന്നത്.