ചിറക് വിരിച്ച് ജടായു; പ്രവര്‍ത്തനം പൂര്‍ണതോതില്‍

കൊല്ലം ചടയമംഗലം ജടായു എര്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായി. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജടായുപ്പാറ സന്ദര്‍ശിച്ച് പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന കേരള ടൂറിസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായുപ്പാറ പദ്ധതി മാറുമെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം ആയിരത്തില്‍പ്പരം സഞ്ചാരികളെത്തുന്ന ടൂറിസം പദ്ധതി തൂടുതല്‍ ആകര്‍ഷകമാക്കും.


ഔപചാരികമായി ഉദ്ഘാടനം പ്രഖ്യാപിച്ച് സമയത്തായിരുന്നു കേരളത്തിനെ പ്രളയം ബാധിച്ചത്. അതുകൊണ്ട് തന്നെ  ഉദ്ഘാടനം കൂടാതെയാണ് എര്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ ഇന്ന് വരെ നാം കണ്ടിട്ടില്ലാത്ത മികച്ച രീതിയിലുള്ള വിനോദസഞ്ചാര അനുഭവമാണ്  ജടായു സമ്മാനിക്കുന്നത്. ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍, പാറയുടെ മുകളിലുള്ള പക്ഷിരാജന്റെ ഭീമാകാരമായ പക്ഷിശില്‍പവും വിസ്മയിപ്പിക്കുന്ന അനുഭവമാണ് നല്‍കുക.

ഉന്നത അധികൃതരില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്ററില്‍ ജടായു ശില്‍പവും ചടയമംഗലത്തിന്റെ ഗ്രാമസൗന്ദര്യവും സഹ്യപര്‍വതമടങ്ങുന്ന ആകാശക്കാഴ്ച കാണാനാകും. ഇതിനായിട്ടുള്ള ഹെലിപ്പാഡ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
തെന്മല ഇക്കോടൂറിസം കേന്ദ്രവും ശബരിമല തീര്‍ഥാടനവുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സൗകര്യവും ജടായും എര്‍ത്ത് സെന്ററില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖല അതിജീവന പാതയിലാണ്. ടൂറിസം വകുപ്പ് നടത്തിയ സര്‍വേയില്‍ 90 ശതമാനം വിനോദസഞ്ചാര കേന്ദ്രങ്ങളും സുരക്ഷിതമായിത്തീര്‍ന്നെന്നാണ് വിവരം. ടൂറിസത്തിനാവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.ഡിസംബറോടെ സ്ഥിതിഗതികളെല്ലാം മെച്ചപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

ജടായു സന്ദര്‍ശനത്തിനെത്തിയ മന്ത്രിക്കൊപ്പം ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, റൂറല്‍ എസ് പി ബി അശോകന്‍, ജടായു ടൂറിസം മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചല്‍, സി ഇ ഒ അജിത് ബലരാമന്‍, ഇന്‍വെസ്റ്റ്‌മെന്റ് റിലേഷന്‍ ഡയറ്കടര്‍ വാസു ജയപ്രകാശ് എന്നിവര്‍ ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ മുഖേനയാണ് ജടായു എര്‍ത്ത് സെന്ററില്‍ പ്രവേശനം.

വെബ്‌സൈറ്റ്: www.jatayuearthscenter.com