ലോക ടൂറിസം മേഖലയെ കേരളത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര ടൂറിസം മന്ത്രി; ഇന്ത്യ ടൂറിസം മാര്ട്ടിന് ഡല്‍ഹിയില്‍ തുടക്കം
ഡല്‍ഹിയില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ആദ്യ ടൂറിസം മാര്‍ട്ടില്‍ കേരളത്തിനു പിന്തുണയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയിലെ മനോഹര സ്ഥലമാണ് കേരളം. അവിടെ അടുത്തിടെ പ്രളയമുണ്ടായി. അതിശയിപ്പിക്കുന്ന വേഗത്തില്‍ കേരളം പ്രളയത്തില്‍ നിന്ന് കരകയറുകയാണ്.
കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും പൂര്‍ണമായും തുറന്നു കഴിഞ്ഞു. ഈ മനോഹര സ്ഥലം കാണാന്‍ നിങ്ങളെ ക്ഷണിക്കുകയാണെന്ന് ഇന്ത്യ ടൂറിസം മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.
പമ്പ നവീകരണത്തിന് കേരളം വിശദ പദ്ധതി സമര്‍പ്പിച്ചാല്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്ന് ചടങ്ങിനു ശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാ വര്‍ഷവും ഇതേ സമയം ഇതേ തീയതികളില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഇന്ത്യ ടൂറിസം മാര്‍ട്ടും പര്യടന്‍ പര്‍വും സംഘടിപ്പിക്കും. ടൂറിസം മേഖലയിലെ സംഘടനയായ ഫെയിത്ത് ആയിരിക്കും എന്നും മേളയുടെ പങ്കാളി. എല്ലായിടവും ട്രാവല്‍ മാര്‍ട്ട് നടക്കുന്ന ഈ സമയം തെരഞ്ഞെടുത്തത് ശരിയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു. ഡിസംബര്‍- ജനുവരി മാസങ്ങള്‍ ഡല്‍ഹിയില്‍ ടൂറിസം സീസണ് ആണെന്നും ആ സമയം ഹോട്ടല്‍ മുറികള്‍ ഇത്തരം മേളയ്ക്ക് സൗജന്യമായി ലഭ്യമാകില്ലന്നും മന്ത്രി മറുപടി നല്കി.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തായ്ലാണ്ടിലെത് പോലെ സ്വവര്‍ഗാനുരാഗ ടൂറിസം പ്രോത്സാഹിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇത്തരം ചോദ്യം പ്രസക്തമല്ലന്നു മറുപടി നല്കിയ അല്‍ഫോണ്‍സ് കണ്ണന്താനം പിന്നീട് തിരുത്തി. എല്ലാവര്ക്കും ഇന്ത്യയിലേക്ക് സ്വാഗതം, വേര്‍തിരിച്ച് ആരെയും കാണുന്നില്ലന്നും മന്ത്രി പറഞ്ഞു.