മഴ മാറി, മാനം തെളിഞ്ഞു; കേരള ടൂറിസം പ്രചാരണത്തിന് ഡല്‍ഹിയില്‍ തുടക്കം. കേരളം സഞ്ചാരികള്‍ക്കായി സര്‍വസജ്ജമെന്നു മന്ത്രി
പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരള ടൂറിസത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേരള ടൂറിസം സജീവമാക്കി. ഡല്‍ഹിയില്‍ ഇന്ത്യന്‍ ടൂറിസം മാര്‍ട്ടിനെത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തി. ഫോറിന്‍ കറസ്പോണ്ടന്‍സ് ക്ലബ്ബിലായിരുന്നു വാര്‍ത്താ സമ്മേളനം.
പ്രളയ ശേഷമുള്ള കേരള ടൂറിസത്തിന്റെ തിരിച്ചു വരവ് ‘സൂര്യന്‍ തെളിഞ്ഞു’ (സണ്‍ ഈസ് ഔട്ട്) എന്ന പവര്‍ പോയിന്‍റ് അവതരണത്തിലൂടെ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് നടത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി.
കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി
കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഹോട്ടലുകളും സഞ്ചാരികള്‍ക്കായി തുറന്നു കഴിഞ്ഞു. ഒരിടത്തും വൈദ്യുതി തടസമില്ല. ചില വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ചില്ലറ ഗതാഗത പ്രശ്നമുണ്ട്. അത് വേഗം പരിഹരിക്കും. ഗവി- വാഗമണ്‍ പാതയില്‍ പ്രശ്നമുണ്ട്.അതും വേഗം തീര്‍ക്കും. നിലവില്‍ കേരളം മുമ്പത്തേത് പോലെ സഞ്ചാരികളെ സ്വീകരിക്കാന്‍ സജ്ജമാണ്. സഞ്ചാരികള്‍ക്ക് മദ്യം ഉപയോഗിക്കാനുള്ള തടസങ്ങള്‍ പുതിയ മദ്യ നയത്തോടെ ഇല്ലാതായെന്ന് മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേരളത്തില്‍ പകര്‍ച്ചവ്യാധി എന്ന വാര്‍ത്ത തിരിച്ചടിയല്ലേ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് പകര്‍ച്ച വ്യാധി കേരളത്തില്‍ ഇല്ലന്നു മന്ത്രി മറുപടി നല്‍കി. അപൂര്‍വ്വം പേര്‍ക്ക് എലിപ്പനി ബാധിച്ചത് രക്ഷാ പ്രവര്‍ത്തനം നടത്തിയതിനിടെയാണ്. വെള്ളത്തിലൂടെയാണ് രോഗം വന്നത്. പിന്നീടാര്‍ക്കും എലിപ്പനി വന്നിട്ടില്ലന്നും മന്ത്രി മറുപടി നല്‍കി.
റാണി ജോര്‍ജ്, ടൂറിസം സെക്രട്ടറി
കേരള ടൂറിസത്തിന്റെ തിരിച്ചു വരവിന് തീവ്ര പ്രചരണം നടത്തും. കേരള ടൂറിസത്തിന്റെ ചാലകശക്തി സ്വകാര്യ മേഖലയാണ്. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ടൂറിസം മേഖല വലിയ സഹായം ചെയ്യുന്നുണ്ട്. ടൂറിസം മേഖലയുടെ തിരിച്ചു വരവിനു സര്‍ക്കാര്‍ പന്ത്രണ്ടിന പരിപാടി തയ്യാറാക്കിയിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കാനാണ് മുന്‍ഗണന. സംസ്ഥാന ടൂറിസം സഞ്ചാരികളെ സ്വീകരിക്കാന്‍ സജ്ജമോ എന്ന ആശയത്തിലൂന്നി വിപുലമായ സര്‍വേ നടത്തി. 13 ഹോട്ടല്‍/റിസോര്‍ട്ടുകള്‍ മാത്രമേ ഇനി തുറക്കാനുള്ളൂ.മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഫാം ടൂറുകള്‍ സംഘടിപ്പിക്കും. ലണ്ടന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത് കേരളം വാര്‍ത്താ സമ്മേളനം നടത്തും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്താന്‍ ചര്‍ച്ച സജീവമായി പുരോഗമിക്കുകയാണ്. കേരളത്തിന്‍റെ പുതിയ ടൂറിസം കാമ്പയിന്‍ അടുത്ത മാസം ആരംഭിക്കും.
പി ബാലകിരണ്‍, ടൂറിസം ഡയറക്ടര്‍
കേരളം വലിയ പ്രളയം നേരിട്ടപ്പോഴും ഒരു ടൂറിസ്റ്റ് പോലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല. ഇത് സഞ്ചാരികളോടുള്ള കേരളത്തിന്‍റെ സമീപനം വ്യക്തമാക്കുന്നു. സഞ്ചാരികള്‍ക്ക് കേരളത്തില്‍ ബുദ്ധിമുട്ട് നേരിടില്ല. നിലവിലെ സാഹചര്യത്തില്‍ വോളണ്ടിയര്‍ ടൂറിസത്തെ കേരളം അംഗീകരിക്കുന്നില്ല. വോളണ്ടിയര്‍മാര്‍ക്ക് കേരളത്തിലെത്തി പുനരുദ്ധാരണ പ്രക്രിയയില്‍ പങ്കാളിയാകാം. എന്നാല്‍ അവര്‍ വോളണ്ടിയര്‍ ടൂറിസ്റ്റുകള്‍ എന്ന പേരില്‍ വരേണ്ട. ടൂറിസ്റ്റുകള്‍ കേരളം കാണാനും അനുഭവിച്ചറിയാനും വരുന്നവരാണ്. കേരളത്തിലെത്തുന്ന സഞ്ചാരികളില്‍ ഏറിയ പങ്കും ആഭ്യന്തര സഞ്ചാരികളാണ്. ഇത് കണക്കിലെടുത്ത് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രചരണം ശക്തമാക്കും.
അയാട്ടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇ എം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം എന്നിവരും സംസാരിച്ചു.