Kerala

നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത്- 1

(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ആദ്യം അഭിപ്രായം പങ്കുവെയ്ക്കുന്നത് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍)

കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ്. തകര്‍ത്തു പെയ്ത പേമാരിയും കുത്തിയൊലിച്ചെത്തിയ വെള്ളവും സംസ്ഥാനത്തിന് വലിയ നാശനഷ്ടം വരുത്തിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതെയുള്ളൂ. നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന്‍റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. നവകേരളത്തില്‍ ടൂറിസം മേഖല എങ്ങനെയായിരിക്കണം എന്ന എന്‍റെ നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ.

 

അടിസ്ഥാന സൗകര്യത്തില്‍ അരുതേ വിട്ടുവീഴ്ച്ച

ഏഷ്യയില്‍ അതിവേഗം വളരുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കേരളം. എന്നാല്‍ സമാനമായ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനം രാജ്യാന്തര നിലവാരത്തിനനുസരിച്ചല്ല. പ്രളയ ബാധിത സ്ഥലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ മേന്മയില്‍ വിട്ടുവീഴ്ച ചെയ്യരുത്. സംസ്ഥാനത്തെ മിക്ക ടൂറിസം കേന്ദ്രങ്ങളിലും നടപ്പാതകളില്ല. മിക്ക സഞ്ചാരികളും വിനോദസഞ്ചാര കേന്ദ്രങ്ങളെ നടന്ന് കാണാനാണ് താല്‍പര്യപ്പെടുന്നത്. ആ സ്ഥലങ്ങളുടെ ഭംഗി പൂര്‍ണമായും സഞ്ചാരിക്ക് ആസ്വദിക്കാനാവുക ഇങ്ങനെ നടന്നു കാണുമ്പോഴാണ്.

പരിസ്ഥിതി പഠിപ്പിക്കുന്നത്

ദൈവത്തിന്റെ സ്വന്തം നാടായ കേരളം പരിസ്ഥിതി ടൂറിസം കേന്ദ്രങ്ങളാല്‍ നിറഞ്ഞതാണ്. ഇന്നും ഇവിടെ നിരവധി ഇടങ്ങള്‍ ടൂറിസം ഭൂപടത്തില്‍ രേഖപ്പെടുത്താത്തവയുണ്ട്. അത്രത്തോളം പ്രകൃതി രമണീയമാണ് നമ്മുടെ കേരളം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വികസന തന്ത്രങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ പ്രകൃതിയേയും പരിസ്ഥിതിയേയുമാണ് മുഖ്യമായും പരിഗണിക്കേണ്ടത്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ കണക്കിലെടുക്കാവുന്നതാണ്.

1) പ്രളയക്കെടുതിയില്‍ വന്‍ നാശനഷ്ടം സംഭവിച്ചത് ഏലം തോട്ട മേഖലകളിലാണ്. ഈ മേഖലയിലെ പ്രധാന റോഡുകള്‍ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും മൂലം തോട്ടം മേഖലയിലെ റോഡുകള്‍ നശിച്ച് പോയി. ഇത്തരം പരിസ്ഥിതിലോല പ്രദേശങ്ങളില്‍ മണ്ണ് നീക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. അതേസമയം തേയിലത്തോട്ട മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായില്ല. ആഴത്തില്‍ വേരിറങ്ങുന്ന തേയില ചെടികള്‍ മണ്ണൊലിപ്പും, മണ്ണിടിച്ചിലും പ്രതിരോധിക്കും.

2) 30 ഡിഗ്രിക്ക് മേല്‍ ചരിവുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

3)ടൂറിസം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവര്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളല്ല എന്നത് ഉറപ്പാക്കണം; ഇതുവഴി പരിസ്ഥിതിയേയും വ്യവസ്ഥയും അവയുടെ നിക്ഷേപത്തേയും സുരക്ഷിതമാക്കാം.

നവഗ്രാമം മാതൃകാ ഗ്രാമം

പ്രളയ ബാധിത പ്രദേശങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കാം.ഇവിടെ ജൈവകൃഷി, ഔഷധ സസ്യങ്ങള്‍ വളര്‍ത്തല്‍, മത്സ്യക്കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം. ഇത് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഗ്രാമീണ ജീവിതം ആസ്വദിക്കാനും ജൈവകൃഷിയേയോ മത്സ്യകൃഷിയേയോ കുറിച്ച് അറിയാനോ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് അതിനും അവസരമാകും.

വീര്‍പ്പു മുട്ടരുത് വിനോദ സഞ്ചാരം

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ആ സ്ഥലത്തിന്‍റെ വാഹക ശേഷിയും പരിഗണിക്കണം., പ്രത്യേകിച്ച് മലമേഖലകളില്‍. നമ്മുടെ ഹില്‍സ്റ്റേഷനുകളില്‍ ഭൂരിഭാഗവും നിര്‍മാണപ്രവര്‍ത്തനങ്ങളാലും തിരക്ക് മൂലവും വീര്‍പ്പു മുട്ടുന്നവയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാം. മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്. നമ്മുടെ ടൂറിസം മേഖലകളില്‍, പ്രത്യേകിച്ച് മലമ്പ്രദേശങ്ങള്‍ ഇത്ര കണ്ട് തിരക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വഹിക്കാന്‍ പ്രാപ്തിയുള്ളതാണോ എന്ന് ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നത് ഉചിതമായിരിക്കും.

പരസ്യത്തിന്‍റെ രഹസ്യം

പ്രളയം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. കേരള ടൂറിസത്തിന്റെ ഖ്യാതി വീണ്ടെടുക്കാന്‍ ശക്തമായ പ്രചാര വേലകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. സഞ്ചാരികളുടെ ആത്മവിശ്വാസം കൂട്ടുംവിധം അടിയന്തിരമായി പ്രചാരണം നടത്തണം. സ്വാധീനിക്കുന്ന പരസ്യങ്ങളില്‍ സഞ്ചാരികള്‍ ആകര്‍ഷിക്കപെടുമെന്നാതിനാല്‍ അത്തരം പരസ്യങ്ങളാണ് വേണ്ടത്. ആദ്യം വേണ്ടത് സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരളം സന്നദ്ധമെന്നും കേരളം അതിജീവിച്ചെന്നുമുള്ള പരസ്യങ്ങളാണ്. ഇവിടേക്ക് എത്തേണ്ട സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാകണം അടുത്ത ഘട്ടം പരസ്യം

മണ്ണാണ്, മലിനമാക്കരുത്..

വര്‍ഷങ്ങളായി സംസ്ഥാനം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ നിര്‍മാര്‍ജനം. പ്ലാസ്റ്റിക് അടക്കം ജൈവീകമല്ലാത്ത മാലിന്യങ്ങള്‍ കുറയ്ക്കാന്‍ ചില ശാസ്ത്രീയ പരിഹാരങ്ങള്‍ സംസ്ഥാനം കണ്ടെത്തണം. ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ നമ്മുടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഉണ്ടായിരിക്കണം.

ആശാന്‍റെ നെഞ്ചത്തും കളരിയ്ക്ക് പുറത്തും 

നമ്മുടെ ജീവിതത്തില്‍ ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് വലിയ സ്വാധീനം ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന കാര്യങ്ങള്‍ കാട്ടുതീ പോലെയാണ്. അവ എല്ലാവരിലേക്കും എത്താന്‍ സമയം അധികം എടുക്കില്ല. അതിനാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നമ്മള്‍ പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും നമ്മളുടെ പോസ്റ്റില്‍ സംസ്ഥാനത്തിന് പ്രതികൂലമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും വേണം. നിപ വൈറസ് സമയത്ത്, സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിച്ചവ ടൂറിസം മേഖലയെ മോശമായി ബാധിച്ചു. പ്രളയകാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശങ്ങള്‍ കേരളം സുരക്ഷിതമല്ലന്ന തോന്നല്‍ സഞ്ചാരികളിലുണ്ടാക്കി. നമ്മുടെ സംസ്ഥാനത്തെക്കുറിച്ചും ടൂറിസം മേഖലയെക്കുറിച്ചുമുള്ള നല്ല വാര്‍ത്തകള്‍ പങ്കുവയ്ക്കണം, അതിലൂടെ സഞ്ചാരികളെ ഇവിടേക്കെത്താന്‍ പ്രേരിപ്പിക്കണം