കേരള ടൂറിസത്തിന് ‘പാറ്റ’ സുവർണ പുരസ്കാരം
പ്രളയമേൽപ്പിച്ച പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ കേരള ടൂറിസത്തിന് നേട്ടം. ടൂറിസം മേഖലയിലെ പ്രമുഖരായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) വിപണനത്തിലെ നൂതനപ്രചാരണത്തിനുള്ള രണ്ട് സുവര്‍ണ പുരസ്ക്കാരങ്ങളാണ് കേരള ടൂറിസം നേടിയത്.
മലേഷ്യയിലെ ലങ്കാവിയില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഇന്ത്യ ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ സുദേഷ്ണ രാംകുമാര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഗള്‍ഫ് രാജ്യങ്ങളിലെ അച്ചടി മാധ്യമങ്ങളിലൂടെയുള്ള ‘യല്ല കേരള’ എന്ന പ്രചാരണമാണ് പുരസ്കാരം നേടിയവയിൽ ഒന്ന്. ‘യല്ല കേരള’ എന്ന പരസ്യവാചകത്തോടെ ദൈവത്തിന്‍റെ സ്വന്തം നാടിന് വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ വന്‍താത്പര്യം ലഭിക്കുന്നതരത്തിലാണ് ഈ പ്രചാരണം തയ്യാറാക്കിയത്.
കൊച്ചി മുസിരിസ് ബിനാലെ മൂന്നാം പതിപ്പിനുവേണ്ടി കേരള ടൂറിസം പുറത്തിറക്കിയ നൂതന പോസ്റ്ററിനാണ് മറ്റൊരു പുരസ്ക്കാരം. നേരെയും തലകുത്തനെയും പിടിച്ചാല്‍ ഒരുപോലെ തോന്നിപ്പിക്കുന്ന വര്‍ണശബളമായ വള്ളവും മത്സ്യത്തൊഴിലാളിയുമുള്ള ജീവന്‍തുടിക്കുന്ന പോസ്റ്ററാണ് കേരള ടൂറിസം തയ്യാറാക്കിയത്.
കേരള ടൂറിസത്തിനു ലഭിച്ച വമ്പിച്ച അംഗീകാരമാണിതെന്നും വിഖ്യാതമായ പാറ്റയുടെ രണ്ടു സുവര്‍ണ പുരസ്ക്കാരങ്ങള്‍ നേടാനായത് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാർഡ് നേട്ടത്തോട് പ്രതികരിച്ചു. അഭിപ്രായപ്പെട്ടു.
ശ്രമങ്ങള്‍ക്കു ഫലം കണ്ടുതുടങ്ങിയെന്നും ആഭ്യന്തര വിദേശ സഞ്ചാരികളെ സ്വീകരിക്കാന്‍ കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ചാരികളുമായി ആസ്ട്രേലിയയില്‍നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയില്‍ ശനിയാഴ്ച വൈകിട്ടെത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായും മന്ത്രി പറഞ്ഞു.
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പുരസ്കാരം സഹായകമാണെന്ന് കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. അവാർഡ് നേട്ടത്തിൽ ടൂറിസം ഡയറക്ടർ പി. ബാലകിരണും സന്തോഷം പ്രകടിപ്പിച്ചു.
സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സാണ് പ്രചാരണവും പോസ്റ്ററും തയ്യാറാക്കിയത്.