News

കേരള ടൂറിസത്തിന് പ്രത്യേക പരിഗണന, യാത്രാനുകൂല്യത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്കെഴുതി – കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എക്സ്ക്ലൂസീവ്

 

പ്രളയത്തില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ കരകയറ്റാന്‍ സാധ്യമായ സഹായം നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ ടൂറിസം ന്യൂസ് ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡല്‍ഹിയില്‍ തുടങ്ങുന്ന ഇന്ത്യയുടെ ആദ്യ ടൂറിസം മാര്‍ട്ടില്‍ കേരളത്തിന്‌ സവിശേഷ പരിഗണന നല്‍കും. പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തിലെ ടൂറിസം മേഖല അതിശയിപ്പിക്കുന്ന വേഗത്തിലാണ് തിരിച്ചുവരുന്നത്.

മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്ന സമയമാണ്. പരമാവധി വിദേശ ടൂറിസ്റ്റുകളെ ഈ സമയത്ത് കേരളത്തിലെത്തിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ശ്രമിക്കും.

വിദേശ ടൂറിസ്റ്റുകള്‍ യാത്ര നേരത്തെ ആസൂത്രണം ചെയ്യുന്നവരാണ്. ഇവരില്‍ മിക്കവരും പ്രളയകാലത്ത് യാത്ര റദ്ദാക്കി. ഇത്തരം സഞ്ചാരികളെ തിരിച്ചെത്തിക്കുക എന്നത് വെല്ലുവിളിയാണെങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയം പരമാവധി ശ്രമം നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

യാത്രാനുകൂല്യത്തില്‍ കേരള വിനോദ യാത്രയും

കേന്ദ്ര ജീവനക്കാരുടെ യാത്രാനുകൂല്യത്തില്‍ (എല്‍ ടി സി) കേരള വിനോദ യാത്രയും ഉള്‍പ്പെടുത്തിയേക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടു ദിവസം മുന്‍പ് താന്‍ കത്തെഴുതിയതായും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
കോവളത്ത് കഴിഞ്ഞ ദിവസം എത്തിയ പാര്‍ലമെന്ററി സമിതിയോട് ഇതേ ആവശ്യം സംസ്ഥാനത്തെ ടൂറിസം മേഖല ഉന്നയിച്ചിരുന്നു.നിലവില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കശ്മീരിലേക്കും എല്‍ടിസി ആനുകൂല്യത്തിലൂടെ വിനോദയാത്ര ചെയ്യാന്‍ അനുമതിയുണ്ട്‌. 2014ലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് കശ്മീരിലേക്ക് എല്‍ടിസി വിനോദയാത്രക്ക് അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാന്‍ മാത്രമാണ് നിലവില്‍ എല്‍ടിസി നല്‍കുന്നത്. ഇതില്‍ ഇളവു നല്‍കിയാണ്‌ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളെ വിനോദയാത്രാ കേന്ദ്രങ്ങളായി ഉള്‍പ്പെടുത്തിയത്.