ഇന്ത്യൻ ടൂറിസം മേള തന്റെ ആശയം ; ലക്ഷ്യം ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകർഷിക്കൽ -മന്ത്രി അൽഫോൺസ് കണ്ണന്താനം
കേന്ദ്ര ടൂറിസം മന്ത്രാലയം ആതിഥ്യമരുളുന്ന ഇന്ത്യ ടൂറിസം മാർട്ട് തന്റെ ആശയമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇന്ത്യയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി ഡൽഹിയിൽ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.
ഇന്ത്യ ടൂറിസം മാർട്ട് തിങ്കളാഴ്ച ഡൽഹിയിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ടൂറിസം വിപണിയെ വിദേശ ടൂറിസം മേഖലയിലുള്ളവരുമായി ബന്ധപ്പെടുത്തുകയും ടൂറിസം മാർട്ടിന്റെ ലക്ഷ്യമാണ്.
കഴിഞ്ഞ വർഷം ആഗോള ടൂറിസം വിപണി 7% വളർച്ച നേടിയപ്പോൾ ഇന്ത്യൻ ടൂറിസത്തിന്റെ വളർച്ച 14% ആയിരുന്നു. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളിൽ നിന്നുള്ള വരുമാനത്തിൽ 19.2% വർധനവുമുണ്ടായി .
ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ജിഡിപി യിൽ ഏഴു ശതമാനമാണ് ടൂറിസത്തിന്റെ സംഭാവന. ഇതും ഇരട്ടിയാക്കും.
അറുപത് രാജ്യങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ ഉടമകളും ടൂറിസം മന്ത്രാലയത്തിന്റെ ആദ്യ ടൂറിസം മാർട്ടിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ കൂടുതൽ റോഡ് ഷോ നടത്തുമെന്നും മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
ചൈനീസ് സഞ്ചാരികളെ ആകർഷിക്കും
ലോകത്ത് ഏറ്റവുമധികം യാത്ര ചെയ്യുന്നത് ചൈനാക്കാരാണ്. എന്നാൽ അവിടെ നിന്നും ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം തീരെ കുറവാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.
നാലഞ്ചു മണിക്കൂർ യാത്ര ചെയ്താൽ ചൈനീസ് സഞ്ചാരികൾക്ക് ഇന്ത്യയിലെത്താം . ചൈനീസ് സഞ്ചാരികളെ ആകർഷിക്കാൻ പല പദ്ധതികളും ടൂറിസം മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. ചൈനയിലെ റോഡ് ഷോകളിൽ താൻ നേരിട്ട് പങ്കെടുക്കുന്നു. അവിടെ റീജണൽ ഓഫീസ് തുടങ്ങാനും പദ്ധതിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ചൈനക്കാർക്ക് സുപരിചിതനായ ഇന്ത്യക്കാരൻ സിനിമാ താരം ആമിർ ഖാനാണ്. ദംഗൽ സിനിമയൊക്കെ ചൈനക്കാർക്ക് പരിചിതം . ചൈനീസ് സഞ്ചാരികളെ ആകർഷിക്കാൻ ആമിർഖാനെ ബ്രാന്റ് അംബാസഡറാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്ര മന്ത്രി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.