അതിജീവിച്ച് കേരളം; വിനോദസഞ്ചാരികളുമായി പ്രത്യേക വിമാനം നാളയെത്തും
പ്രളയാനന്തരം തിരിച്ചുവരവിന് തയ്യാറെടുത്ത് സംസ്ഥാന വിനോദസഞ്ചാര മേഖല. മഴക്കെടുതിയ്ക്ക് ശേഷം സീസണിലെ വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തും.
ഓസ്‌ട്രേലിയയില്‍ നിന്നെത്തുന്ന വിമാനം വൈകുന്നേരം ആറുമണിക്കാണ് കൊച്ചിയിലെത്തുന്നത്. 60 വിനോദസഞ്ചാരികളുമായി എത്തുന്ന വിമാനത്തിന് വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഡിവൈന്‍ വൊയേജസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. ഓസ്‌ട്രേലിയയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് വഴിയാണ് സംഘം ഇന്ത്യയില്‍ യാത്ര നടത്തുന്നത്. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.
കേരളം സഞ്ചാരികള്‍ക്കായി തയ്യാറായി എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവ് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു.
പ്രത്യേക വിമാനത്തിലെത്തുന്ന സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എന്നിവടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കും. അവിടെ അവര്‍ക്കായി തനത് കേരള വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പാചക ക്ലാസ് ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആലപ്പുഴയിലെത്തുന്ന സംഘം ഹൗസ് ബോട്ടില്‍ യാത്ര നടത്തും.
പ്രളയാനന്തരം വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവും യാത്ര റദ്ദാക്കുന്നുവെന്ന ആശങ്കകളുമാണ് പ്രത്യേക വിമാനത്തിന്റെ വരവോടെ ഇല്ലാതാകുന്നത്. കൊച്ചി, ആലപ്പുഴ എന്നീ ജില്ലയ്ക്ക് പുറമെ കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ മാര്‍ഗ തടസ്സം നീക്കി സജ്ജമാക്കിയിട്ടുണ്ട്.