സംഗീത യാത്രയ്‌ക്കൊരുങ്ങി രാജസ്ഥാന്‍

നാടന്‍ സംസ്‌കാരങ്ങളുടേയും സംഗീതത്തിന്റേയും കലകളുടേയും ഭക്ഷണ വൈവിധ്യത്തിന്റേയും വര്‍ണ്ണങ്ങളുടേയും പറുദീസയായ രാജസ്ഥാനില്‍ മറ്റൊരു സംഗീതോത്സവത്തിന് വിരുന്നൊരുങ്ങുന്നു. ഈ വര്‍ഷത്തെ രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര ഒക്ടോബര്‍ 2 മുതല്‍ 7വരെ നടക്കും.


ബിക്കാനറില്‍ നിന്ന് തുടങ്ങി ജോധ്പുര്‍, ജൈസാല്‍മീര്‍   ഗ്രാമ ഹൃദയങ്ങളിലൂടേയും സംഗീതാവതരണങ്ങളുമായി രാജസ്ഥാന്‍, ഗുജറാത്തിലെ മാല്‍വ, കച്ച്, ബംഗാള്‍, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ 50 ഓളം കലാകാരന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ള 500 ഓളം യാത്രികരും ഈ സംഗീതോത്സവത്തില്‍ പങ്കാളികളാകും.

കലാകാരന്മാരുടെ സംഗീത സംവാദങ്ങള്‍, സംഗീത ഉപകരണ വാദനം, സദ്‌സംഘ്, സംഗീത കച്ചേരി, രാത്രി മുതല്‍ പുലരും വരെയുള്ള സംഗീത അവതരണ സംഘമങ്ങള്‍ എന്നിവയാണ് നാലാമത് രാജസ്ഥാന്‍ കബീര്‍ സഞ്ചാര – സംഗീതോത്സവത്തില്‍ നിറഞ്ഞൊഴുകുന്നത്. രാജസ്ഥാന്‍ പോലീസും ഈ സംഗീതയാത്രയുടെ മുഖ്യ സംഘാടകരായ ലോകായനോട് ഒപ്പം സഹകരിക്കുന്നുണ്ട്.

കബീര്‍ സംഗീതത്തില്‍ മത സൗഹാരവും കരുണയും നന്മയും സ്‌നേഹവും പ്രകൃതിയോടുള്ള ആദരവും നിറഞ്ഞൊഴുകുന്നതിനാല്‍ കബീര്‍ എന്നും തങ്ങള്‍ക്ക് ശക്തിയും വഴി വെളിച്ചവുമാണ് എന്ന് സംഘാടകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിയ ബിക്കാനറടുത്തുള്ള റാവാല, ശ്രീദം ഗര്‍ഗാഹ്, ചിപ്പന്‍ കീ മസ്ജിദ് എന്നിവടങ്ങളിലെ സംഗീത സപര്യ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മനുഷ്യ സ്‌നേഹം, സൗഹാര്‍ദം എന്നിവ ഉറപ്പാക്കുകയാണ് ഈ സംഗീതയാത്രയുടെ മുഖ്യ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

കബീര്‍ സംഗീതത്തോടൊപ്പം സൂഫി, സെയ്ന്റ്, മീര, ബുള്ളേ ഷാ എന്നിവരുടെ രചനകള്‍ക്കൊപ്പം അനേകം നാടന്‍ കലാകാരന്മാരുടെ സംഗീതവും അവതരിപ്പിക്കപ്പെടും. രാജസ്ഥാനിലെ വര്‍ണ്ണങ്ങള്‍ക്കൊപ്പം സംഗീത സപര്യയില്‍ പങ്കാളികളാകണമെങ്കില്‍ രാജസ്ഥാന്‍ കബീര്‍ യാത്രയില്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതേ പേരിലുള്ള എഫ്.ബി. ലൈവിലും ഈ സംഗീത മഴ ആസ്വദിക്കാനാകും.