ടൂറിസം കര്‍മപദ്ധതി പ്രഖ്യാപിച്ചു കേരളം; സര്‍വേ ഫലം 15ന്. ടൂറിസം പരിപാടികളില്‍ മാറ്റമില്ല

 

പ്രളയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണ. നിയന്ത്രണങ്ങളുടെ പേരില്‍ ടൂറിസം മേഖലയിലെ പരിപാടികള്‍ ഒഴിവാക്കില്ലന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരിപാടികള്‍ ഒഴിവാക്കുന്നത് കേരളം തകര്‍ന്നെന്ന പ്രതീതിയുണ്ടാക്കും. ഇപ്പോഴും കേരളത്തില്‍ പ്രളയമെന്ന പ്രതീതീയാണ് രാജ്യത്തിനകത്തും പുറത്തും. ഇത് മാറ്റാനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വരും നാളുകളിലേക്കുള്ള ടൂറിസം വകുപ്പിന്‍റെ കര്‍മപദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.

കര്‍മപദ്ധതികള്‍ ഇവ;

തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍

ദേശീയ പാതകള്‍, സംസ്ഥാന പാതകള്‍ എന്നിവയടക്കം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ നടത്തും.

ടൂറിസം സര്‍വേ

കേരളം ടൂറിസം സേവനങ്ങള്‍ക്ക് സജ്ജമോ എന്നാരായുന്ന സര്‍വേയുടെ ഫലം ഈ മാസം 15നു പുറത്തുവിടും. ടൂറിസം രംഗത്തെ 90ശതമാനം ഇടങ്ങളും കാര്യങ്ങളും സജ്ജമെന്നാണ് വിവരം.ശേഷിക്കുന്നവയില്‍ എട്ടു ശതമാനം ഒരു മാസത്തിനകവും രണ്ടു ശതമാനം ആറു മാസത്തിനകവും സജ്ജമാകും.

കേരള ട്രാവല്‍ മാര്‍ട്ട്
കൊച്ചിയില്‍ ഈ മാസം 27മുതല്‍ 30 വരെ കേരള ട്രാവല്‍ മാര്‍ട്ട് നടക്കും. ആഗോള സഞ്ചാരികള്‍ക്ക് കേരളത്തെക്കുറിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് കെടിഎം ലക്‌ഷ്യം.

ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട്

ലോകത്തിലെ പ്രമുഖ ട്രാവല്‍ മാര്‍ട്ടായ ലണ്ടന്‍ മേളയില്‍ കേരളം പങ്കെടുക്കും.നവംബര്‍ 5മുതല്‍ 7 വരെയാണ് ഡബ്ല്യുടിഎം. ഇതോടനുബന്ധിച്ച് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി ചേര്‍ന്ന് കേരള ടൂറിസം ലണ്ടനില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന കാര്യം പരിഗണനയില്‍.

കൊച്ചി മുസിരിസ് ബിനാലെ

ഡിസംബര്‍ മുതല്‍ അടുത്ത വര്‍ഷംമാര്‍ച്ച് വരെ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെ കേരള ടൂറിസത്തിന് ലഭിക്കുന്ന മറ്റൊരു അവസരമാണ്. കേരളത്തെ വലിയ തോതില്‍ ഇതില്‍ അവതരിപ്പിക്കും.

ഡിജിറ്റല്‍ പരസ്യ പ്രചരണം
കേരളം തിരിച്ചു വന്നെന്ന പ്രചരണം ഓണ്‍ലൈന്‍ വഴി ശക്തമാക്കും.പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് പ്രചരണവും തത്സമയ സംപ്രേഷണവും നടത്തും. അച്ചടി,മള്‍ട്ടി മീഡിയ സംവിധാനങ്ങള്‍ വഴി ബ്രാന്‍ഡ് പ്രചാരണ പരിപാടിയും ഉടന്‍.

മാധ്യമ രംഗത്തെ ഇടപെടല്‍
യാത്രാ വിവരണക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഫാം ടൂറുകള്‍ സംഘടിപ്പിക്കും.ഡല്‍ഹിയില്‍ ഈ മാസം പകുതിയോടെ കേരള ടൂറിസത്തിന്റെ വാര്‍ത്താ സമ്മേളനം നടത്തും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ട്രേഡ് ഫെയറുകളിലും വാര്‍ത്താ സമ്മേളനം.

 

വള്ളംകളി ലീഗ്
മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ നേരത്തെ പ്രഖ്യാപിച്ച വള്ളംകളി ലീഗ് നടത്താനാവുമോ എന്ന് ചര്‍ച്ച ചെയ്യും. കേരളത്തിലെ ജലാശയങ്ങള്‍ സുരക്ഷിതമെന്ന സന്ദേശം വള്ളംകളി ലീഗ് ആരംഭിച്ചാല്‍ നല്‍കാനാവും.

സാമൂഹ്യ ഇടപെടല്‍

ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹായത്തോടെ ടൂറിസം പദ്ധതികളില്‍ ജനകീയ പങ്കാളിത്തം കൊണ്ടുവരും.