കാസര്‍കോട്ടും വിമാനത്താവളം വരുന്നു; പെരിയയില്‍ വരുന്നത് ചെറു വിമാനങ്ങള്‍ക്കുള്ള എയര്‍ സ്ട്രിപ്

 

കണ്ണൂർ വിമാനത്താവളം കമ്മിഷൻ ചെയ്യുന്നതിനുപിന്നാലെ കാസർകോട്ട് എയർ സ്ട്രിപ്പ് നിർമിക്കാൻ ശ്രമം തുടങ്ങി. വലിയ റൺവേയില്ലാതെതന്നെ ഇറങ്ങാവുന്ന ചെറുവിമാനങ്ങൾക്ക് സർവീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയിൽ. ബേക്കൽ ടൂറിസം വികസനത്തിന്റെ സാധ്യതകൂടി പരിഗണിച്ചാണ് എയർ സ്ട്രിപ്പ് നിർമിക്കുന്നതിന് നടപടി തുടങ്ങിയത്.

കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്ന പെരിയയിൽ ചെറുവിമാനത്താവളമുണ്ടാക്കാനാണ് നിർദേശം. ഇതിന് 80 ഏക്കർ സ്ഥലം വേണ്ടിവരും. 28.5 ഏക്കർ സർക്കാർ സ്ഥലത്തിനുപുറമെ 51.5 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 25 മുതൽ 40 വരെ യാത്രക്കാരുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമുള്ള എയർ സ്ട്രിപ്പിൽ റൺവേയും ചെറിയൊരു ഓഫീസും മാത്രമാണ് ഉണ്ടാവുക

ഇക്കാര്യത്തിൽ സാധ്യതാപഠനം നടത്താൻ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ നേതൃത്വത്തിൽ സമിതി രൂപവത്‌കരിച്ച് സർക്കാർ ഉത്തരവായി. കാസർകോട് ജില്ലാ കളക്ടർ, ബേക്കൽ റിസോർട്ട് വികസന കോർപ്പറേഷൻ എം.ഡി., ധന വകുപ്പിന്റെയും കൊച്ചിൻ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് സമിതി. ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദേശിച്ചിട്ടുള്ളത്.

കണ്ണൂർ വിമാനത്താവളം വരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് കാസർകോട് എയർസ്ട്രിപ്പ് പദ്ധതിക്ക് വീണ്ടും ജീവൻവെക്കുന്നത്. ഏതാനും വർഷം മുൻപ് ബേക്കലിൽ എയർ സ്ട്രിപ്പ് നിർമിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും എവിടെയുമെത്തിയില്ല. സിയാൽ നടത്തിയ സാധ്യതാ പഠനത്തിൽ പദ്ധതി ലാഭകരമാകില്ലെന്നാണ് കണ്ടത്. ബേക്കൽ ടൂറിസം വികസനത്തിനുപുറമെ മലനാട് ക്രൂസ് ടൂറിസം പദ്ധതി, കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതിനനുബന്ധമായി വരുന്ന പദ്ധതികൾ എന്നിവയും എയർ സ്ട്രിപ്പിനു പിന്നിലുണ്ട്.