Kerala

കുറിഞ്ഞിപ്പൂക്കാലമെത്തി; സഞ്ചാരികളെ ക്ഷണിച്ച് മൂന്നാറിലേക്ക് വാഹന റാലി

പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്.

കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായി ടൂറിസം മേഖല സംയുക്തമായി ചേര്‍ന്ന് കൊണ്ട് വാഹന റാലി നടത്തുന്നു. കൊച്ചി മുതല്‍ മൂന്നാര്‍ വരെ ബുധനാഴ്ച നടക്കുന്ന റാലി കേരള ടൂറിസത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ബുധനാഴ്ച രാവിലെ 8 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നിന്നാരംഭിക്കുന്ന കാര്‍, ബുള്ളറ്റ് റാലി എറണാകുളം, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച്  മൂന്നാറില്‍ എത്തിച്ചേരും.

കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരവും , ചെയര്‍മാന്‍ എബ്രഹാം ജോര്‍ജ്ജും ചേര്‍ന്ന് റാലി കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വിസിറ്റ് നീലക്കുറിഞ്ഞി ലോഗോ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മൂന്നാറിലെ ക്ലൗഡ്‌സ് വാലി ഹോട്ടലില്‍ വൈകുന്നേരം ആറ് മണിക്ക് റാലി സമാപിക്കും.