News

വീണ്ടും ഓടിത്തുടങ്ങി നീലഗിരി ആവി എന്‍ജിന്‍

മേട്ടുപ്പാളയം മുതല്‍ ഉദഗമണ്ഡല്‍ എന്ന ഊട്ടി വരെ നീളുന്ന മലയോര തീവണ്ടിപാത. നാലുബോഗികള്‍ മാത്രമുള്ള കൊച്ചു ട്രെയിന്‍. നീലഗിരി മലനിരകളെ തുരന്നു നിര്‍മിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഈ പാത നീലഗിരിയുടെ പേരിലാണ് അറിയപ്പെടുന്നത്.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നീരാവി എന്‍ജിന്‍ വീണ്ടും ഓടിത്തുടങ്ങി. നീലഗിരി പര്‍വത തീവണ്ടിയുടെ നൂറ്റാണ്ട് പഴക്കമുള്ള നീരാവി എന്‍ജിനാണ് വീണ്ടും കല്‍ക്കരി തിന്നും ,വെള്ളം കുടിച്ചും മലകയറാനെത്തുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പകരം ഡീസല്‍, ഫര്‍ണസ് ഓയില്‍ തീവണ്ടി എന്‍ജിനാണ് ഓടിയിരുന്നത്.

പൈതൃക പട്ടികയിലുള്ള നീലഗിരി പര്‍വത തീവണ്ടി നഷ്ടം സഹിച്ചാണ് റെയില്‍വേ ഓടിക്കുന്നത്. തീവണ്ടിയെ ലാഭത്തിലാക്കാനുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നീരാവി എന്‍ജിന്‍ മേട്ടുപാളയത്തിലെ റെയില്‍വേ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൂനൂരിലെത്തിയിട്ടുണ്ട്.