ചേന്ദമംഗലത്തിന്റെ കഥ പറഞ്ഞ് ചേക്കുട്ടി പാവകള്‍

ചേന്ദമംഗലത്തെ ജീവിതം ഇഴചേര്‍ത്തെടുത്ത കൈത്തറിമേഖലയെ തകര്‍ത്താണ് മഹാപ്രളയം കടന്നു പോയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടുത്തെ കൈത്തറി വ്യവസായമേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. പ്രളയജലത്തില്‍ മുങ്ങി കൈത്തറി യൂണിറ്റുകളും തറികളും നശിച്ചു, ഐശ്വര്യസമൃദ്ധമായ ഓണവിപണി മുന്നില്‍ കൊണ്ടു നെയ്തുകൂട്ടിയ വസ്ത്രങ്ങളെല്ലാം ചെളിയില്‍ പുതഞ്ഞുപോയി.


തകര്‍ന്നുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനര്‍ജീവനമെന്ന ലക്ഷ്യത്തോടെ നിരവധി സുമനസ്സുകള്‍ മുന്നോട്ട് വരുന്നതു നെയ്ത്ത് ഗ്രാമങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നുണ്ട്. ആ ദൗത്യത്തില്‍ കൈ കോര്‍ക്കുകയാണ് ചേക്കുട്ടി എന്ന പാവക്കുട്ടി ചേക്കുട്ടിയെന്നാല്‍ ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് അര്‍ത്ഥം.

ചേറില്‍ പുതഞ്ഞുപോയ നമ്മുടെ നെയ്ത്തുപാരമ്പര്യത്തിന് പുതുജീവന്‍ നല്‍കാനുള്ള പരിശ്രമത്തില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന വിധം സഹായമാവുകയാണ് ചേക്കുട്ടി പാവകള്‍ എന്ന സംരംഭം. കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും സംഘവുമാണ് ചേക്കുട്ടി പാവകള്‍ എന്ന ആശയത്തിനു പിന്നില്‍.

 

ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണിവിമുക്തമാക്കിയെടുത്ത് പുനരുപയോഗിക്കാന്‍ കൈത്തറി യൂണിറ്റുകള്‍ ശ്രമിക്കുന്നുണ്ട്.  ഇവയില്‍ പുനരുപയോഗിക്കാവുന്ന സാരികള്‍ നല്ല രീതിയില്‍ വിറ്റുപോവുന്നുണ്ട്. ശേഷിക്കുന്ന സാരികള്‍ അണുവിമുക്തമാക്കിയാണ് ലക്ഷ്മി മേനോനും സംഘവും ചേക്കുട്ടി പാവകളെ നിര്‍മ്മിക്കുന്നത്.


ഒരു പാവയ്ക്ക് 25 രൂപയാണ് വില ഈടാക്കുന്നത്. ഒരു സാരിയില്‍ നിന്ന് 360 പാവകളെ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. പാവകളെ വിറ്റ് കിട്ടുന്ന പണം പൂര്‍ണമായും ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റികളുടെ പുനര്‍നിര്‍മാണത്തിനായി നല്‍കുകയാണ് ഈ കൂട്ടായ്മ.
ഒരുക്കൂട്ടം ജനത കൈകോര്‍ത്ത് മഹാപ്രളയത്തെ അിജീവിച്ച കഥകള്‍ വരും കാലത്തോട് പറയാനായി ചേക്കുട്ടി പാവകള്‍ മലയാളക്കരയില്‍ ഇനിയെന്നുമുണ്ടാകും.