കേരള ടൂറിസത്തെ സഹായിക്കാമെന്ന് പാർലമെന്ററി സമിതി
പ്രളയത്തിൽ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ ആവും മട്ട് സഹായിക്കാമെന്ന് പാർലമെന്ററി സമിതി. കോവളത്ത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സമിതി ഈ ഉറപ്പു നൽകിയത്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരസ്യ വീഡിയോകളിൽ കേരളത്തിന് പ്രാമുഖ്യം നൽകണമെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. പുതിയ പരസ്യ വീഡിയോകൾ ഉടൻ ഇറങ്ങുമെന്നും ഇതിനു ശേഷം കേരളത്തിന് പ്രത്യേക പരിഗണന നൽകിയുള്ള വീഡിയോ പുറത്തിറക്കാമെന്നും ടൂറിസം മന്ത്രാലയം ഉറപ്പു നൽകി.
കേന്ദ്ര ജീവനക്കാരുടെ ലീവ് ട്രാവൽ ആനുകൂല്യത്തിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്ന ആവശ്യവും സംസ്ഥാന ടൂറിസം മേഖല ഉന്നയിച്ചു. പ്രളയത്തിൽ ടൂറിസം മേഖലക്കുണ്ടായ നഷ്ടം 2500 കോടി രൂപയാണെന്നും ഇവർ പറഞ്ഞു.
ചൈനയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
ഇ എം നജീബ്, പി കെ അനീഷ് കുമാർ, ബേബി മാത്യു സോമതീരം, ജോസ് ഡൊമിനിക്, നാരായണൻ, ജോണി എന്നിവർ ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.