അതിശയിപ്പിക്കുന്ന മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ്; അറിയാം പുതിയ ഫീച്ചറുകള്‍

ഗൂഗിള്‍ മാപ്പില്‍ പുതിയ ലേ ഔട്ടും ഓപ്ഷന്‍സും പഴയ മാപ്പില്‍ സ്‌ക്രീനിനു താഴെ വന്നിരുന്ന ഡ്രൈവിങ്, ട്രാന്‍സിറ്റ് ടാബുകള്‍ നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ പരിപാടി. ഇതിനു പകരം ഒരു കമ്യൂട്ട് ടാബ് വരും. അതില്‍ സ്പര്‍ശിക്കുമ്പോള്‍ മുകളിലുള്ള ടൈറ്റില്‍ ബാറില്‍ രണ്ടു ഓപ്ഷന്‍സ് തെളിയും- To work അല്ലെങ്കില്‍ To home. കൂടാതെ ഉപയോക്താവ് റെക്കോഡു ചെയ്ത റൂട്ടുകളും ഓര്‍മ്മയില്‍ സൂക്ഷിക്കും.


ഉപയോക്താവ് പഴയ റൂട്ടിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മെമ്മറിയിലുള്ള ഈ റൂട്ട് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കുമെന്നും കരുതുന്നു. ഇതു കൂടാതെ, എങ്ങോട്ടാണോ യാത്രചെയ്യുന്നത് അതിനനുസരിച്ച് റെക്കമെന്‍ഡഡ് റൂട്സും കാണിക്കും. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ അനുസരിച്ച്, മാപ്സിന്റെ താഴെ റൂട്സ് കാര്‍ഡ് പ്രത്യക്ഷപ്പെടും. അതിനു ചേര്‍ന്ന് പകരം റൂട്ടുകളും (alternate) പ്രത്യക്ഷപ്പെടും.

ഈ വര്‍ഷമാദ്യം തന്നെ ഗൂഗിള്‍ പറഞ്ഞിരുന്നത് മാപ്സിന് ഒരു പുതിയ എക്സ്പ്ലോറര്‍ ടാബ് കൊണ്ടുവരുമെന്നാണ്. എന്നാല്‍, പുതിയ കമ്യൂട്ട് ടാബ് ചില ഉപയോക്താക്കളെ മനസില്‍ വച്ചാണ് ടെസ്റ്റു ചെയ്യുന്നതത്രെ. ആന്‍ഡ്രോയിഡ് പൊലീസ് വെബ്സൈറ്റാണ് ആന്‍ഡ്രോയിഡിനുള്ള ഗൂഗിള്‍ മാപ്സില്‍ (വേര്‍ഷന്‍ 9.85.2) പുതിയ കമ്യൂട്ട് ടാബ് ടെസ്റ്റു ചെയ്യുന്നുണ്ടെന്നും അത് ഡ്രൈവിങ്, ട്രാന്‍സിറ്റ് ടാബുകളെ ഇല്ലാതാക്കുമെന്നും കണ്ടെത്തിയത്.

അതോടൊപ്പം വന്നേക്കാവുന്ന ചില മാറ്റങ്ങള്‍ ഇവയാണ്. ട്രിപ്പിള്‍ ഡോട്ട് മെന്യുവില്‍ സ്പര്‍ശിച്ചാല്‍ പ്രത്യക്ഷപ്പെടുന്ന മെന്യുവില്‍ കമ്യൂട്ട് സെറ്റിങ്സ്, ഡയറക്ഷന്‍ ഷെയറു ചെയ്യാനുള്ള ഓപ്ഷന്‍, ട്രാഫിക് കാണാനുള്ള ഓപ്ഷന്‍, സാറ്റലൈറ്റ് ചിത്രം പരിശോധിക്കാനും, ഭൂപ്രദേശം പരിശോധിക്കാനുമുള്ള ഓപ്ഷന്‍സ് എല്ലാം ലഭിക്കുമെന്നാണ് കരുതുന്നത്.


പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ മാപ്സിനെ കൂടുതല്‍ സ്മാര്‍ട് ആക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഉപയോഗിച്ചു തഴക്കം വന്ന ചിലതു നീക്കം ചെയ്തേക്കാം. ഉദാഹരണത്തിന് ‘ഡ്രൈവിങ് എ കാര്‍’ ഓപ്ഷനും ‘പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷനും’ മാറിമാറി നോക്കാന്‍ എളുപ്പമായിരുന്നു.

എന്നാല്‍, ഇനി ഈ ഓപ്ഷന്‍സ് കമ്യൂട്ട് സെറ്റിങ്സിനുള്ളിലായിരിക്കും ലഭിക്കുക എന്നാണ് കേള്‍ക്കുന്നത്. ഈ ടെസ്റ്റിങ്ങുകള്‍ ഇപ്പോള്‍ നടത്തുന്നത് കൂടുതലും സെര്‍വറുകളിലാണ്. സ്മാര്‍ട് ഫോണുകളില്‍ അവ കാണാന്‍ സാധ്യത കുറവാണ്. കൂടാതെ അടുത്തു ലഭ്യമാക്കിയ മാപ്സിന്റെ ബീറ്റാ അപ്ഡേറ്റിലും പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ് ഇല്ല എന്നതിനാല്‍ അതു വരാന്‍ ധാരാളം ടെസ്റ്റിങ് ആവശ്യമായേക്കാമെന്നു കരുതുന്നു.