News

ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു

രാജ്യത്തിന്റെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ബെംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ് എക്‌സ്‌പോയില്‍ ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു. ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ ലക്ഷ്യമിടുന്നത് 2020 ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനാണ്.

രണ്ടുവര്‍ഷത്തെ ഗവേഷണ ഫലത്തിനൊടുവിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചെടുത്തത്. മൂന്ന് സ്‌പേസ് സ്യൂട്ടില്‍ രണ്ടെണ്ണത്തിന്റെ പണി പൂര്‍ത്തിയായികഴിഞ്ഞു. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാനുള്ള ശേഷി സ്‌പേസ് സ്യൂട്ടിനുണ്ട്. 10000 കോടി രൂപ ചെലവിട്ടാണ് ഗഗന്‍യാന്‍ ദൗത്യം പ്രാവര്‍ത്തികമാകുക.

ബഹിരാകാശ യാത്രികര്‍ താമസിക്കുന്ന ക്രൂ മോഡല്‍ ക്യാപ്‌സ്യൂളിന്റേയും പ്രദര്‍ശനം ഇതിനോടൊപ്പം നടത്തിയിരുന്നു.ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ വലിയ അന്തരീക്ഷ താപം ഉണ്ടാകും. ഇതിനെ അതിജീവിക്കാന്‍ കഴിവുള്ള രീതിയിലാണ് ക്രൂ മോഡല്‍ സജ്ജമാക്കിയത്.