Aviation

കൂടുതല്‍ വിമാനങ്ങളുമായി പറക്കാനൊരുങ്ങി തിരുവനനന്തപുരം

കുറഞ്ഞ ടിക്കറ്റ് നിരക്കുകളുള്ള ബഡ്ജറ്റ് എയര്‍ലൈനുകളായ എയര്‍ ഏഷ്യ, ഗോ-എയര്‍ എന്നീ വിമാനക്കമ്പനികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സന്നദ്ധത അറിയിച്ചു. ആഭ്യന്തര സര്‍വീസ് നടത്തുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ തയ്യാറാണെന്നാണ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്.

പ്രളയത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി അടച്ചപ്പോള്‍ ഈ എയര്‍ലൈന്‍ സര്‍വീസുകള്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തിയിരുന്നു. ഇവിടുത്തെ സൗകര്യങ്ങളില്‍ തൃപ്തിയറിയിച്ചു കൊണ്ടാണ് രണ്ട് കമ്പനികളും സ്ഥിരം സര്‍വീസ് നടത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചത്.

എയര്‍ ഏഷ്യ ബംഗ്‌ളൂരുവിലേക്കും, ഗോ എയര്‍ മുംബൈയിലേക്കുമാണ് പ്രതിദിനം സര്‍വീസ് തുടങ്ങുക. ദക്ഷിണേന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ തിരുവനന്തപുരത്ത് നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്നില്ല. രാജ്യത്തെ അഞ്ചാമത്തെ വലിയ എയര്‍ലൈനാണ് ഗോ-എയര്‍. ഡല്‍ഹി, ചെന്നൈ എന്നിവടങ്ങളിലേക്ക് പറക്കാന്‍ ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ശ്രമം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇവര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ചെലവു കുറഞ്ഞ് നിരക്കില്‍ വിമാനസര്‍വീസ് നടത്തുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുകയും അതിലൂടെ വിമാനക്കമ്പനികള്‍ വന്‍ ലാഭവും ഉണ്ടാവും. കൂടുതല്‍ വിമാന സര്‍വീസ് വരുന്നതോടുകൂടി തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറയുകയും വിമാനക്കമ്പനികള്‍ നല്‍കുന്ന മെഗാ ഓഫറുകള്‍ ഇനി ഇവിടെ ലഭ്യമാകുകയും ചെയ്യും.