ചരിത്രം ഉറങ്ങുന്ന ലുട്ടെഷ്യ ഹോട്ടല്‍ വീണ്ടും തുറക്കുന്നു
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാരീസിലെ പ്രശസ്തമായ ലുട്ടെഷ്യ ഹോട്ടല്‍ നീണ്ട നാല് വര്‍ഷത്തെ നവീകരണ പരിപാടികള്‍ക്ക് ശേഷം വീണ്ടും തുറക്കുന്നു. പാരീസിലെ സെയിന്റ്-ജര്‍മന്‍-ഡെസ്-പ്രെസിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 235 മില്യണ്‍ ഡോളറിന്റെ നവീകരണം ആണ് നടന്നത്. കെട്ടിടത്തിലെ 184 മുറികളിലെയും സ്യൂട്ടുകളിലെയും ചുമര്‍ചിത്രങ്ങളും അലങ്കാരപ്പണികളും പഴമയുടെ സൗന്ദര്യം ചോര്‍ന്നു പോകാതെ തന്നെ നവീകരിച്ചിട്ടുണ്ട്. മുന്‍വശവും ഇരുമ്പ് ബാല്‍ക്കണികളും കൂടുതല്‍ ആകര്‍ഷകമാക്കി.
‘പഴമ നശിക്കാതെ തന്നെ ഒരു പുതിയ ഹോട്ടല്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ലുട്ടെഷ്യ ഹോട്ടലിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല. സൂര്യ വെളിച്ചം കടക്കുന്ന തരത്തിലാണ് ആര്‍ക്കിടെക്ട് ജീന്‍ മൈക്കല്‍ വില്മോട്ടെ ഹോട്ടല്‍ നവീകരിച്ചിട്ടുള്ളത്’- ഹോട്ടല്‍ മാനേജര്‍ ജീന്‍ ലക് കൗസ്റ്റി പറഞ്ഞു.
17 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്, ബഹുശാഖദീപം, വെള്ള മാര്‍ബിളുകള്‍, 1.9 ടണ്‍ തടികൊണ്ടാണ് കുളിപ്പുര നിര്‍മ്മാണം നവീകരണത്തിന്റെ ഭാഗമാണ്. ഹോട്ടലിലെ റെസ്റ്റോറന്റ് ശരത്കാലത്തെ തുറക്കുകയുള്ളു. 17000 മണിക്കൂര്‍ നീണ്ടു നിന്ന കഠിന പരിശ്രമത്തിലൂടെയാണ് ജോസഫൈന് ബാര്‍ പുതുക്കി പണിഞ്ഞത്.
ലുട്ടെഷ്യ ഹോട്ടല്‍ 1910-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തൊട്ടെടുത്തുള്ള ലോകത്തെ ആദ്യ ഡിപ്പാര്‍ട്മെന്റ് സ്റ്റോറായ ബോണ്‍ മാര്ഷെയുമായി അവര്‍ കടപ്പെട്ടിരിക്കും. സ്റ്റോര്‍ ഉടമയായ മാര്‍ഗരെറ്റ് ബൗസികോട് ആണ് പാരിസിലേക്ക് എത്തുന്ന സമ്പന്നര്‍ക്ക് വേണ്ടി ഹോട്ടല്‍ നിര്‍മ്മിച്ചത്. വളരെ പെട്ടന്നാണ് ഈ ഹോട്ടല്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയത്.
നാസികള്‍ പാരീസ് പിടിച്ചെടുത്തപ്പോള്‍ ജര്‍മന്‍ സേന ഈ ഹോട്ടല്‍ ഏറ്റെടുത്തു. സൈന്യത്തിന്റെ വിനോദ കേന്ദ്രമായിരുന്നു ഇത്. വിമോചന കാലത്ത് ജനറല്‍ ചാള്‍സ് ഡി ഗൗല്ലെ ഇത് ഒരു അഭയാര്‍ത്ഥി കേന്ദ്രമാക്കി മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മധുവിധുവും ഇവിടെത്തന്നെയായിരുന്നു. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹാനായ ചിത്രകാരന് പാബ്ലോ പിക്കാസോ, ഹെന്റി മറ്റിസ്സ് പോലെ പ്രശസ്തരും ഇവിടെ സ്ഥിരം സന്ദര്‍ശകര്‍ ആയിരുന്നു.
ഐറിഷ് സാഹിത്യകാരന് ജെയിംസ് ജോയ്സ് തന്റെ പ്രശസ്തമായ യൂളിസീസ് നോവലിന്റെ ഒരു ഭാഗം ഇവിടെ ഇരുന്നാണ് എഴുതിയത്. ഏണസ്റ്റ് ഹെമിങ്വേ, ജോസഫൈന് ബേക്കറും ഇവിടെ എത്താറുണ്ടായിരുന്നു. നിലവില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ ലുട്ടെഷ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ പദവിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ബ്രിസ്റ്റോള്‍, പെനിന്‍സുല പോലെ ‘പാലസ് ‘ പദവിയിലേക്ക് എത്തുകയാണ് അടുത്ത ലക്ഷ്യം. ‘ലുട്ടെഷ്യ ഒരിക്കലും മറ്റു പാലസുകള്‍ക്ക് ഭീഷണി ആകില്ല, കാരണം ഇവിടുത്തെ ഇടപാടുകാരും സേവനങ്ങളും വ്യത്യസ്തമാണ്’ – അറ്റൗട് ഫ്രാന്‍സ് മേധാവി ക്രിസ്ത്യന്‍ മാന്റി പറഞ്ഞു.
ഇസ്രായേലിലെ അല്റാവ് എന്ന ഗ്രൂപ്പ് 2010-ല്‍ ലുട്ടെഷ്യ സ്വന്തമാക്കി. നാല് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വരുമാനം ഇരട്ടി ആക്കുക ആണ് ഇപ്പോള്‍ ലക്ഷ്യം. നവീകരണത്തിന് മുന്‍പ് 30 മില്യണ്‍ യൂറോ ആയിരുന്നു വാര്‍ഷിക വരുമാനം. പാരിസില്‍ ഭീകരാക്രമണം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 2017-ല്‍ ഫ്രാന്‍സില്‍ എത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 33.8 മില്യണ്‍ ഹോട്ടല്‍ മുറികളാണ് 2017-ല്‍ ബുക്ക് ചെയ്തത്.