Kerala

മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും: ദേവസ്വം മന്ത്രി

നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

Sabarimala Temple

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്‍. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇവിടെ ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കും. നിലയ്ക്കലില്‍ പോലീസിനും കെ. എസ്. ആര്‍. ടി. സി ജീവനക്കാര്‍ക്കും താമസത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കും.

ഇവിടെ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കും.
ഇത്തവണ പമ്പയില്‍ താത്കാലിക സംവിധാനങ്ങള്‍ മാത്രമേ ഒരുക്കൂ. പമ്പയില്‍ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്റെ ബലം പരിശോധിക്കും. പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥര്‍ ശബരിമലയിലെത്തിയിട്ടുണ്ട്.

ഹില്‍ ടോപ്പില്‍ നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് പുതിയ പാലം നിര്‍മ്മിക്കുന്നത് പരിഗണിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടെയും യോഗം ചേരും. കുന്നാര്‍ ഡാമിലെ ചെളിയും മാലിന്യവും നീക്കം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കും. പമ്പയിലെ പ്രളയത്തെ തുടര്‍ന്ന് പത്തു മുതല്‍ 24 അടി വരെ മണ്ണ് ഉയര്‍ന്നിട്ടുണ്ട്. ഇതു മാറ്റുന്നതിലെ നിയമ തടസം ഒഴിവാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും.

ശബരിമലയിലേക്കുള്ള തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ 200 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ ഭാഗത്തെ റോഡുകളുടെ തകര്‍ച്ച പരിഹരിക്കുന്നതിനും മണ്ണിടിച്ചിലുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി കെട്ടുന്നതിനും ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡുമായി ചര്‍ച്ച നടത്തുന്നുണ്ട്.

മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഈ മേഖലയിലെ വൈദ്യുതി പ്രശ്നം ഈ മാസം 12നകം പരിഹരിക്കും. വൈദ്യുതി പുനസ്ഥാപിച്ചാലുടന്‍ കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റി പുനരാരംഭിക്കും. 300 വാട്ടര്‍ കിയോസ്‌കുകളാണ് ഇത്തവണ സ്ഥാപിക്കുക.

പുല്‍മേടു വഴി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്താനുള്ള സാധ്യത പരിഗണിച്ച് സൗകര്യം ഒരുക്കും. പമ്പയില്‍ നടപ്പന്തല്‍ തകര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ താത്കാലിക നടപ്പന്തലും ബാരിക്കേഡും ഒരുക്കും.

പമ്പയിലെ ആശുപത്രിയില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും. വിവിധ വകുപ്പുകള്‍ പരസ്പരസഹകരണത്തോടെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

എം. എല്‍. എമാരായ രാജു എബ്രഹാം, പി. സി. ജോര്‍ജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ. രാഘവന്‍, കെ. പി. ശങ്കര്‍ദാസ്, ദേവസ്വം സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.