ടിക്കറ്റ് രഹിത രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു
പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ വ്യത്യസ്ത ഗതാഗതസംവിധാനങ്ങള്‍ ഒരു കാര്‍ഡിലൂടെ ലഭ്യമാക്കുന്ന ഒരു രാഷ്ട്രം-ഒരു കാര്‍ഡ് നയം നടപ്പാക്കാനൊരുങ്ങി ഇന്ത്യ. ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃകയില്‍ ഒരാള്‍ക്ക് ഒറ്റ കാര്‍ഡ് ഉപയോഗിച്ച് ബസ്, മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ എന്നിവയില്‍ യാത്രചെയ്യാവുന്ന സംവിധാനമായിരിക്കും ഇത്. നയം നടപ്പാക്കുമെന്നും വാഹനങ്ങളെക്കാള്‍ പൗരന്മാരെ കേന്ദ്രീകരിച്ചുള്ളതാണ് നയമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
ഡല്‍ഹിയില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സമ്മിറ്റ്-2018-ഇന്ത്യാസ് മൂവ് ടു നെക്സ്റ്റ് ജെന്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ ചടങ്ങില്‍ സംസാരിക്കവേയാണ് നയത്തെക്കുറിച്ച് അമിതാഭ് കാന്ത് വിശദീകരിച്ചത്. സ്ഥായിയായ ഗതാഗതസംവിധാനം ഒരുക്കുന്നതിനും ഗതാഗതാധിഷ്ഠിത ആസൂത്രണവും ഡിജിറ്റൈസേഷനും നടപ്പാക്കാന്‍ കേന്ദ്രീകരിച്ചുമാണ് നയമെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതി, എഥനോള്‍, മെഥനോള്‍, സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് ഗതാഗതസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനം, എണ്ണയിറക്കുമതി ബില്ലിലെ വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വ്യോമനിലവാരം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ശക്തിപ്പെടുത്താനുള്ള വികസനപ്രക്രിയയിലെ നിര്‍ണായകഘടകമാണ് ഗതാഗതരംഗമെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.