VoxPop

വീണ്ടെടുക്കാം കുട്ടനാടിനെ; ചില നിര്‍ദേശങ്ങള്‍

 

(പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ വീണ്ടെടുക്കാന്‍ ചെയ്യേണ്ടതെന്ത്? കുട്ടനാട്ടുകാരനായ ശ്യാം ഗോപാല്‍ എഴുതുന്നു)

 

 

വെള്ളപ്പൊക്കത്തിന് ശേഷം കുട്ടനാട്ടിലെ ഒരു വീടിന്റെ ഭിത്തിയിൽ കാണപ്പെട്ട വിള്ളലാണ് ഈ ഫോട്ടോയിൽ കാണുന്നത്‌.
ഇത് ഒരു വീട്ടിൽ നിന്നുള്ള ചിത്രം. കുട്ടനാട്ടിലെ പല വീടുകളുടെയും ഇപ്പോളത്തെ അവസ്ഥ ഇതാണ്.

No automatic alt text available.

മറ്റു മിക്ക സ്ഥലങ്ങളിലും വെള്ളം ഒരാഴ്ച, കൂടിപ്പോയാൽ രണ്ടാഴ്ചയാണ് നിന്നിട്ടുള്ളത്. പക്ഷെ കഴിഞ്ഞ ഒന്നര മാസത്തോളമായി കുട്ടനാട്ടിൽ വെള്ളപ്പൊക്കമാണ്. ഇപ്പോഴും പല ഭാഗങ്ങളിലും വീടുകൾ വെള്ളത്തിനടിയിലാണ്.

ഈ വീടുകളിലാണ് ജനങ്ങൾ ഇനി താമസിക്കാൻ പോവുന്നത്. എത്ര കാലമെന്നു വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ കഴിയും അവർ.

തുടരെത്തുടരെ വന്ന രണ്ട് വെള്ളപ്പൊക്കങ്ങൾ വല്ലാത്തോരു അവസ്ഥയിലാണ് കുട്ടനാടിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. എല്ലാത്തരം വിളകളും നശിച്ചിരിക്കുന്നു, വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്നു, വീട്ടു സാധനങ്ങളും ഉപകരണങ്ങളും മിക്കതും നശിച്ചിരിക്കുന്നു, പല സ്‌കൂളുകളും തുറന്നിട്ട് രണ്ട് മാസത്തോളം ആയിരിക്കുന്നു, കച്ചവട സ്ഥാപനങ്ങൾ മിക്കതും വെള്ളംകയറി നാശമായിരിക്കുന്നു..

വലിയൊരു അനിശ്ചിതത്വം മുന്നിൽ നിൽക്കുന്ന കുട്ടനാടിനെ സംബന്ധിച്ചടത്തോളം അടിയന്തിരമായി വേണ്ടത് തകർന്നു കിടക്കുന്ന സമ്പദ്‌വ്യവസ്ഥക്ക് ഒരു ഉണർവാണ്.

കുട്ടനാടിന്റെ ഇക്കോണമിയിൽ മുഖ്യ പങ്ക് വഹിക്കുന്നത് രണ്ട് മേഖലകളാണ്, കൃഷിയും ടൂറിസവും. ഇതിൽ രണ്ടിൽ ഏതിനെങ്കിലും ഉണർവ് ഉണ്ടായാലേ തകർന്നുകിടക്കുന്ന കുട്ടനാടിന്റെ ഇന്നത്തെ അവസ്ഥക്ക് ഒരു മാറ്റം കൊണ്ടുവരാൻ ആവൂ.

കാർഷികമേഖലയിൽ, ഒന്നൊഴിയാതെ എല്ലാ പാടശേഖരങ്ങളും മടവീണു കൃഷി നശിച്ചിരിക്കുന്നു. ഒപ്പം, വാഴ, പച്ചക്കറികൾ, മീൻ വളർത്തൽ.. എല്ലാം ഇല്ലാതായിരിക്കുന്നു. കൃഷി പഴയതുപോലെ തിരികെ കൊണ്ടുവരാൻ മാസങ്ങൾ എടുക്കും.

ഫലപ്രദമായൊരു അടിയന്തിര ഇടപെടൽ സാധ്യമാവുക വിനോദസഞ്ചാര മേഖലയിലാണ്. കഴിഞ്ഞ ഒരു മാസത്തോളമായി തകർന്നു കിടക്കുകയാണ് കുട്ടനാട്ടിലെ വിനോദസഞ്ചാര മേഖല. പതിനായിരക്കണക്കിനു കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

ആലപ്പുഴ നഗരത്തിലും കുട്ടനാടിന്റെ വിവിധയിടങ്ങളിലുമായി ആയിരത്തി ഇരുനൂറോളം ഹൌസ് ബോട്ടുകളാണുള്ളത്. ഒരു ബോട്ടിൽ ചുരുങ്ങിയത് മൂന്ന് ജോലിക്കാർ ഉണ്ടാവും. ഇതിനു പുറമെയാണ് ചെറു വള്ളങ്ങളും , ശിക്കാരകളും, മോട്ടോർ ബോട്ടുകളും പോലെയുള്ളവയിൽ തൊഴിലെടുക്കുന്നവർ. ഇത്തരത്തിൽ വിനോദസഞ്ചാര മേഖലയിൽ നേരിട്ട് തൊഴിലെടുക്കുന്നവരേക്കാൾ കൂടുതൽ ആളുകൾ പരോക്ഷമായി ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. കള്ളുചെത്തുകാർ, ഹോട്ടലുകൾ, കരിക്ക് കച്ചവടക്കാർ, കായലിൽ മീൻ പിടിക്കുന്നവർ തുടങ്ങി പതിനായിരങ്ങൾ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നു. ഇവർ ഓരോരുത്തരും ഓരോ കുടുംബങ്ങളെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത്. ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാവുമ്പോൾ തകർന്നു കിടക്കുന്ന ഈ കുടുംബങ്ങൾക്ക് കൂടിയാണ് പുതുജീവൻ ലഭിക്കുക.

സർക്കാരിനും ടൂറിസം വകുപ്പിനും ഇതിൽ വലിയൊരുപങ്ക് വഹിക്കാനാവും.

വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കാൻ സഹായിക്കുന്ന പാകത്തിൽ കുട്ടനാടിനെ ഫോക്കസ് ചെയ്ത് ആഡ് ക്യാംപെയ്നുകൾ സംഘടിപ്പിക്കുന്നത് സഹായിക്കും.

വെള്ളപ്പൊക്കം മൂലം മുടങ്ങിയ നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബറിലോ ഒക്ടോബറിലോ നടത്തണം. ഇത് ടൂറിസം രംഗത്തിനു വലിയൊരു ഉണർവേകും. കൂടാതെ, വള്ളങ്ങൾക്ക് കോർപ്പറേറ്റ് സ്പോൺസർമാരെ സംഘടിപ്പിക്കണം. വള്ളങ്ങളിൽ നാട്ടുകാർ തന്നെ തുഴയും എന്ന തീരുമാനം വള്ളസമിതികളും ക്ലബുകളും എടുക്കണം. തത്കാലത്തേക് കശ്‍മീരികളെയും മണിപ്പൂരികളെയുമൊക്കെ ഒഴിവാക്കി നാട്ടുകാരായ ചെറുപ്പക്കാർ തന്നെ തുഴയട്ടെ. സ്പോണ്സർമാരിലൂടെ എത്തുന്ന പണം മറ്റെങ്ങും പോവാതിരിക്കാൻ ഇത് സഹായിക്കും. ടിക്കറ്റ് വില്പനയിലെയും മാതു മാര്ഗങ്ങളിലൂടെയും ലഭിക്കുന്ന ലാഭവും ദുരിതാശ്വാസ പ്രവർത്തികൾക്കായി തന്നെ വിനിയോഗിക്കണം.

സാധിക്കുമെങ്കിൽ, വിമാനക്കമ്പനികളും കേന്ദ്ര-കേരളസർക്കാറുകളും ചേർന്ന് കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് സബ്സിഡൈസ്ഡ് നിരക്കിൽ വിമാനയാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കണം.

ആസൂത്രതമായ ഒരു സാമ്പത്തിക ഉത്തേജന നടപടികളിലൂടെ മാത്രമേ കുട്ടനാട്ടുകാരെ വലിയൊരു ദുരിതത്തിൽ നിന്ന് രക്ഷിക്കാനാവൂ. സർക്കാർ ഇതിനുള്ള നടപടികൾ സ്വീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.