നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം
മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെയില് ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്ക്കും.
സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്.
രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളില്‍ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം.
രാജമലയിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണു പെരിയവരൈ പാലം.ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.