ആരെയും വിസ്മയിപ്പിക്കും ആന്‍ഡമാനിലെ അത്ഭുതഗുഹ

ആരെയും വിസ്മയിപ്പിക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ആന്‍ഡമാന്‍. മനോഹരമായ കടല്‍ക്കാഴ്ച്ചകള്‍ക്കപ്പുറം കൊടും വനങ്ങളും കാട്ടുമനുഷ്യരും സെല്ലുല്ലാര്‍ ജയിലുമൊക്കെ ആന്‍ഡമാനിലെ കാഴ്ചകളാണ്. ദ്വീപിന് ചുറ്റും പരന്ന് കിടക്കുന്ന നീലക്കടലും അടിത്തട്ടിലെ പവിഴപ്പുറ്റുകളും കടല്‍സസ്യങ്ങളും മല്‍സ്യങ്ങളുമൊക്കെ ആന്‍ഡമാനിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.

സുന്ദരമായ കാഴ്ചകള്‍ കൊണ്ട് സന്ദര്‍ശകരുടെ മനസ്സു കീഴടക്കുന്ന മറ്റു ദ്വീപുകളില്‍ നിന്ന് അല്പം വ്യത്യസ്തമായ കാഴചകളൊരുക്കുന്ന ദ്വീപാണ് ബറാടങ്. ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പുരാതന ഗുഹകള്‍ ആന്‍ഡമാനിലെത്തുന്ന സഞ്ചാരികളില്‍ വിസ്മയമുണര്‍ത്തും.

പോര്‍ട്ട്‌ബ്ലെയറില്‍നിന്നു 100 കിലോമീറ്റര്‍ വടക്കുമാറി, ഇന്ത്യയില്‍നിന്ന് ഏകദേശം 1300 കിലോമീറ്റര്‍ അപ്പുറത്താണ് ബറാടങ് ദ്വീപ്. അതിസുന്ദരങ്ങളായ ബീച്ചുകളും കണ്ടല്‍ വനങ്ങളും അഗ്നിപര്‍വതങ്ങളുമൊക്കെ നിറഞ്ഞ ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടുത്തെ ഗുഹകള്‍ തന്നെയാണ്. ഇരുട്ടു നിറഞ്ഞ ഗുഹകളുടെ ഉള്ളില്‍ നിറയെ, ചുണ്ണാമ്പുകല്ലുകളില്‍ രൂപം കൊണ്ട ശിലകളാണ്. ഗവേഷകരും വിനോദസഞ്ചാരികളുമടക്കം നിരവധിപ്പേരാണ് ഈ ശിലകള്‍ കാണാനെത്തുന്നത്.


ഗുഹകളുടെ അദ്ഭുതലോകത്തിലേക്കെത്തുന്നതിനു മുമ്പായി സന്ദര്‍ശകര്‍ക്കായി നിരവധി കാഴ്ചകള്‍ ബറാടങ്ങിലുണ്ട്. കടലിലൂടെ ഒന്നര കിലോമീറ്റര്‍ നീളുന്ന സ്പീഡ് ബോട്ട് യാത്രയും വനത്തിലൂടെയുള്ള ട്രെക്കിങ്ങുമൊക്കെ ഉള്‍പ്പെടും അതില്‍. പോര്‍ട്ട്‌ബ്ലെയറില്‍ നിന്നാണ് ജറാവ ട്രൈബല്‍ റിസര്‍വിലേക്കുള്ള പാസ് ലഭിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ ഇവിടെ നിന്നു സന്ദര്‍ശകരെ വഹിച്ചുകൊണ്ട് വാഹനങ്ങള്‍ യാത്ര തിരിക്കും.

യാത്രയ്ക്കിടെ വാഹനം നിര്‍ത്തുകയോ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുകയോ ഇല്ല. ആ യാത്രയില്‍ ആന്‍ഡമാനിലെ അതിപുരാതന ഗോത്രവിഭാഗമായ ജറാവകളെ കാണാന്‍ സാധിച്ചേക്കാം. പുറംലോകത്തിനു മുമ്പില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത ഇക്കൂട്ടരെ കാണുവാന്‍ കഴിയുന്നതു തന്നെ അപൂര്‍വഭാഗ്യമാണ്.

വനത്തിലൂടെയുള്ള ആ യാത്ര ബറാടങ് ജെട്ടിയിലാണ് അവസാനിക്കുന്നത്. തുടര്‍ന്നുള്ള യാത്ര സ്പീഡ് ബോട്ടിലാണ്. കണ്ടല്‍ക്കാടുകള്‍ക്കു നടുവിലൂടെയാണ് ആ യാത്ര നീളുന്നത്. വെളിച്ചത്തെ കടത്തിവിടാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന, പല തരത്തില്‍പ്പെട്ട കണ്ടല്‍ മരങ്ങള്‍ സഞ്ചാരികള്‍ക്കു പുതുകാഴ്ചകള്‍ സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല.

മുതലകളുടെ അധിവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ആ യാത്രയില്‍ ജലത്തില്‍ സ്പര്‍ശിക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്നതിനാല്‍ സൂക്ഷിക്കണമെന്ന് നിരന്തരം ബോട്ട് ഡ്രൈവര്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കും.

സ്പീഡ് ബോട്ടിലെ ആ യാത്ര നയാഡെര ജെട്ടിയിലെത്തി നില്‍ക്കും. തുടര്‍ന്നങ്ങോട്ട് ഒട്ടും നിരപ്പല്ലാത്ത, ഉയരമുള്ള കുന്നിന്‍ മുകളിലേക്ക്, വനത്തിലൂടെയുള്ള ട്രെക്കിങ്ങാണ്. ആ യാത്ര അവസാനിക്കുന്നത് ഗുഹാമുഖത്താണ്.

പുറമെ നിന്നുള്ള കാഴ്ചയില്‍ കോണാകൃതിയാണ് ഗുഹയ്ക്ക്. സാധാരണയായി കാണുന്ന ഗുഹകളെക്കാള്‍ വളരെ വിസ്താരമേറിയ ഗുഹാകവാടമാണ്. പക്ഷേ അകത്തേക്കു പോകുംതോറും ഇടുങ്ങുകയും ഇരുട്ടു നിറയുകയും ചെയ്യും. ഗുഹയ്ക്കുള്ളില്‍ നിന്നുകൊണ്ട് മുകളിലേക്കു നോക്കിയാല്‍ രണ്ടു ദ്വാരങ്ങള്‍ കാണാം.

അവയാണ് ഗുഹയ്ക്കകത്തു വെളിച്ചവും വായുവും നല്‍കുന്നത്. കടലിന്റെ അടിയില്‍ നിന്നു ഭൂകമ്പത്തില്‍ ഉയര്‍ന്നു വന്നതാണ് ഈ ഗുഹയെന്നു പറയപ്പെടുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ചുണ്ണാമ്പുകല്ലുമായി പ്രതിപ്രവര്‍ത്തിച്ചതിന്റെ ഫലമായി ഉണ്ടായ രാസപ്രവര്‍ത്തനങ്ങള്‍ ഈ ഗുഹയുടെ ഉള്‍വശങ്ങളില്‍ കാണാം.

ഗുഹയ്ക്കുള്ളിലൂടെയുള്ള യാത്ര അല്‍പം കഠിനമാണ്. ഇരുട്ടും വഴുക്കലും യാത്ര ദുഷ്‌കരമാക്കും. പലതരം രൂപങ്ങള്‍ ഗുഹയുടെ ഉള്‍വശത്തുണ്ട്. അതില്‍ മനോഹരമായ പൂക്കളുടെയും പൂക്കൂടയുടെയും ആകൃതി പ്രാപിച്ച ശിലകളും ആനത്തലയോടു സാദൃശ്യം തോന്നുന്ന ശിലകളുമൊക്കെയുണ്ട്.

ആ കാഴ്ചകളുടെ മനോഹാരിതയില്‍നിന്നു പുറത്തേക്കിറങ്ങിയാല്‍ നല്ല തണുത്ത കരിക്കിന്‍ വെള്ളവും മാമ്പഴത്തിന്റെ രുചിയും പകരുന്ന നിരവധി നാടന്‍ കടകളുണ്ട്. ആ രുചി നുകര്‍ന്നുകൊണ്ട് പിന്നെയും കാണാം ആന്‍ഡമാന്റെ സൗന്ദര്യം.