പ്രളയം മടക്കി നല്‍കിയ സൗന്ദര്യത്തില്‍ കുന്തിപ്പുഴ

ദുരിതപ്പെയ്ത്തിന്റെ ബാക്കിപത്രമായി പാലക്കാട് കുന്തിപുഴയ്ക്ക് തിരികെ കിട്ടിയത് പ്രകൃതിയുടെ ദൃശ്യഭംഗി. പ്രകൃതിക്ഷോഭത്തില്‍ കലുതുള്ളിയൊഴുകിയ കുന്തിപുഴ ഇന്ന് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്കടപ്പുറത്തിന് സമാനമായി ഒരുക്കിവെച്ച് വശ്യസൗന്ദര്യം. പുഴയ്ക്ക് സംഭവിച്ച് മാറ്റം കാണാന്‍ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.


പ്രളയക്കെടുതിയില്‍ ഒരായുസിന്റെ നഷ്ടമാണ് കുന്തിപ്പുഴയ്ക്ക് സമീപത്തുള്ളവര്‍ക്ക് സംഭവിച്ചത്. എന്നാല്‍ തിരിച്ച് കിട്ടിയ പ്രകൃതി ഭംഗി ഏവരിലുമുണ്ടാക്കിയിരിക്കുന്നത് സന്തോഷമാണ്.പുഴയൊരുക്കിയ മണല്‍ത്തീരം ഇപ്പോള്‍ സൈരന്ധ്രി ബീച്ചാണ്.

ഒഴുകിയൊഴുകി ഓര്‍മയായി മാറിക്കൊണ്ടിരുന്ന കുന്തിപ്പുഴ ഇക്കുറി മലവെള്ളപ്പാച്ചിലില്‍ തീരങ്ങളേയും ചേര്‍ത്തുപിടിച്ച് നിറഞ്ഞൊഴുകി. പ്രളയത്തോടെ നിരവധി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും വന്‍നാശനഷ്ടങ്ങളുണ്ടായി. പുഴ തത്തേങ്ങലം പുളിഞ്ചോട് ഭാഗത്ത് അരക്കിലോമീറ്ററോളം ഗതിമാറിയൊഴുകി.

കൈയേറ്റത്താല്‍ ചുരുങ്ങിപ്പോയ പുഴയുടെ വിശാലമായ ഓരമാണ് പുഴ വീണ്ടെടുത്തത്. പുഴയൊഴുകിയ വഴിയാകെ മണലും ഉരുളന്‍ കല്ലുകളുമെല്ലാം വന്നുനിറഞ്ഞ് മനോഹരതീരമായി മാറി. കൂട്ടത്തില്‍, കൂറ്റന്‍ മരങ്ങളും ഇവിടേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.

മണല്‍പ്പരപ്പില്‍ ചെറുപ്പക്കാരുടെ ഫുട്‌ബോള്‍ കളി, പുഴയില്‍ കുട്ടികളുടെ നീന്തലും ആര്‍ത്തുല്ലസിച്ചുള്ള കുളിയും, കൂട്ടുകാരുടെ ഗതകാലസ്മരണകളുടെ അയവിറക്കല്‍ അങ്ങനെ പരസ്പരം സൗഹൃദം പങ്കുവെക്കാനായി നിരവധി കുടുംബാംഗങ്ങളും ഇവിടം തിരഞ്ഞെടുത്തിരിക്കയാണ്.