News

ടൂറിസം മേഖല തിരിച്ചുവരുന്നു; അതിജീവനശ്രമങ്ങളില്‍ ആദ്യം വിനോദസഞ്ചാര രംഗം

പ്രളയത്തില്‍ തകര്‍ന്ന കേരളീയ ജീവിതം അതിജീവന ശ്രമങ്ങളിലാണ്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം കെടുതികള്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്. നിപ്പ, പ്രളയം എന്നിങ്ങനെ തുടരെ ഏറ്റ തിരിച്ചടികള്‍ മറികടക്കുകയാണ് ടൂറിസം മേഖല.

ഉണരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍,തേക്കടി, ആലപ്പുഴ,കുമരകം എന്നിവയൊക്കെ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. നെഹ്‌റു ട്രോഫി മാറ്റിവെച്ചതും കുറിഞ്ഞികള്‍ ഇനിയും വ്യാപകമായി പൂക്കാത്തതും സന്ദര്‍ശകരുടെ വരവ് നന്നേ കുറച്ചിരുന്നു. പ്രളയത്തില്‍ ഇടുക്കി ഒറ്റപ്പെട്ടതും കുട്ടനാട് മുങ്ങിയതും ടൂറിസത്തെ സാരമായി ബാധിച്ചു. ഇതില്‍ നിന്ന് കരകയറി വരികയാണ് ടൂറിസം മേഖല.


പരിക്കേല്‍ക്കാതെ ആയുര്‍വേദ, ബീച്ച് ടൂറിസങ്ങള്‍
മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം, വയനാട് എന്നിവ പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ കാര്യമായ പരിക്കേല്‍ക്കാതെ പിടിച്ചു നിന്ന മേഖലയാണ് ആയുര്‍വേദ ടൂറിസവും ബീച്ച് ടൂറിസവും. ഇവിടങ്ങളിലേക്ക്‌ കാര്യമായ ഒഴുക്കുണ്ടായില്ലങ്കിലും സീസണ്‍ അല്ലാത്ത ഘട്ടമായിട്ടും ആഭ്യന്തര-വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തീരെ കുറവുണ്ടായില്ല. കോവളം,വര്‍ക്കല, ചൊവ്വര തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കുറയാത്തതിനു മറ്റൊരു ഘടകവും കൂടിയുണ്ടായിരുന്നു. കൊച്ചി വിമാനത്താവളം അടച്ചത്. കൊച്ചിയിലേക്ക് വരേണ്ട വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറങ്ങിയതാണ് കാരണം.

ഇനി പ്രചാരണത്തിന്റെ നാളുകള്‍

കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ തിരികെ കൊണ്ട് വരാന്‍ മികച്ച പ്രചരണം വേണമെന്ന നിലപാടാണ് ടൂറിസം രംഗത്തുള്ളവരുടെത്. സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞെന്ന്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന് രണ്ടാഴ്ച്ച മുന്‍പേ വ്യാപക പ്രചരണം തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെലിബ്രിറ്റികളുടെ പിന്തുണ തേടുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണയില്‍ ആണെന്നും ബാലകിരണ്‍ അറിയിച്ചു.

പ്രചരണം ആവശ്യമാണെന്ന നിലപാട് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നു ടൂറിസം രംഗത്തെ പ്രബല സംഘടനയായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്കുമാര്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയക്കെടുതിയില്‍ പെട്ടവരെ ടൂറിസം മേഖല എങ്ങനെ സഹായിച്ചെന്നും നിലവിലെ പ്രതിസന്ധി കേരള ടൂറിസം മറികടക്കുന്ന കാര്യങ്ങളും വിശദീകരിച്ച് അറ്റോയ്‌ വീഡിയോ പുറത്തിറക്കുമെന്നും അനീഷ്‌ കുമാര്‍ വ്യക്തമാക്കി.