ടൂറിസം മേഖലയ്ക്കു നഷ്ടം 2000 കോടിയിലേറെ; കര കയറാന്‍ ഊര്‍ജിത ശ്രമം
നിപ്പയില്‍ തുടങ്ങിയ പ്രഹരം
ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിപ്പേരുള്ള കേരളത്തില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ കനത്ത തിരിച്ചടി നല്‍കിയത് നിപ്പ വൈറസ് ബാധയാണ്. വിദേശ മാധ്യമങ്ങളില്‍ വരെ നിപ്പ ബാധയ്ക്കു പ്രാധാന്യം ലഭിക്കുകയും ചില രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ടൂറിസം മേഖലയുടെ സ്ഥിതി സങ്കീര്‍ണമായി. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ 17ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കേരളത്തിലെ ടൂറിസം രംഗം രണ്ടാം പാദമായതോടെ 14 ശതമാനം ഇടിവെന്ന നിലയിലായി.രണ്ടാം പാദം തുടങ്ങിയ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഈ കുറവിന് കാരണം നിപ്പ ബാധയാണെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറയുന്നു.
പ്രളയം കനത്തതോടെ ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലും ഇടിവുണ്ടായി. ഒക്ടോബര്‍ മുതല്‍ ടൂറിസം രംഗം സജീവമായാലെ ഈ രംഗത്ത് ഉണര്‍വുണ്ടാകൂ.
നിലവില്‍ വ്യവസായത്തെക്കുറിച്ച് മാത്രമല്ല തങ്ങളുടെ ആലോചനയെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാറും സെക്രട്ടറി വി ശ്രീകുമാര മേനോനും പറയുന്നു. പ്രളയക്കെടുതി ബാധിച്ച മണ്ണിനെയും മനുഷ്യരേയും കുറിച്ചാണ് ഞങ്ങളുടെ പ്രധാന ആശങ്ക. അവരെ സഹായിക്കുക. ഇന്നാട്ടിലെ മനുഷ്യരുടെ സ്ഥിതി മെച്ചമായാല്‍ ടൂറിസവും മെച്ചപ്പെടും- അറ്റോയ് ഭാരവാഹികള്‍ പറയുന്നു.
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി,മൂന്നാര്‍,കുമരകം,ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലൊക്കെ പ്രളയം വന്‍ നാശം വിതച്ചു. സഞ്ചാരികള്‍ കൂടുതലായി വരുന്ന കൊച്ചി വിമാനത്താവളം അടച്ചിട്ടതും തിരിച്ചടിയായി.
ടൂറിസം പ്രതിസന്ധി റിസോര്‍ട്ട്- ഹോട്ടല്‍ ഉടമകളെയല്ല സാരമായി ബാധിച്ചത്. അനുബന്ധമായി തൊഴിലെടുക്കുന്ന ഒട്ടേറെപ്പേരെയാണ്. ടാക്സി ഡ്രൈവര്‍മാര്‍, ക്ലീനിംഗ് തൊഴിലാളികള്‍, സാധാരണ ജീവനക്കാര്‍, ഹൗസ്ബോട്ട് ജീവനക്കാര്‍ തുടങ്ങിയവരെയാണ്.
ജീവിതത്തില്‍ ഇത്ര പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടില്ലന്നു മൂന്നാറില്‍ ജീപ്പ് ഡ്രൈവറായ ബാബു പറയുന്നു. 17 വര്‍ഷമായി ജീപ്പ് ഓടിക്കുന്നു. ഇത്തവണ നീലക്കുറിഞ്ഞിക്കാലം കൂടി വരുന്നതിനാല്‍ നല്ല പ്രതീക്ഷയിലായിരുന്നു. ഇന്നിപ്പോള്‍ നിത്യവൃത്തി മുടങ്ങിയിട്ട് ആഴ്ചകളായി. ദുരിതാശ്വാസത്തിന് തങ്ങള്‍ക്ക് അര്‍ഹതയുമില്ല. പരമ ദയനീയമാണ് സ്ഥിതിയെന്നു ബാബു.
ആലപ്പുഴയിലെ ഹൗസ്ബോട്ടുകള്‍ പലതും ദുരിതാശ്വാസ ക്യാമ്പുകളായി വിട്ടു നല്‍കിയിരുന്നു. ജീവനക്കാര്‍ ഏറിയ പങ്കും കുട്ടനാട്ടുകാരാണ്. അവര്‍ക്ക് പ്രളയവും തൊഴില്‍ നഷ്ടവും ഇരട്ട പ്രഹരമായി.
പ്രതിസന്ധി വൈകാതെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല