പ്രളയക്കെടുതി; സെപ്റ്റംബര്‍ 30 വരെ സൗജന്യ സര്‍വീസൊരുക്കി യമഹ
പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയാണ്. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് സഹായവുമായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ യമഹ രംഗത്ത്. വ്യാഴാഴ്ച മുതല്‍ കേരളത്തിലുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ബൈക്കുകളുടെ സര്‍വീസ് ആരംഭിക്കും.
വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചതും പൂര്‍ണമായും വെള്ളകയറിയതുമായി ബൈക്കുകള്‍ക്കാണ് സൗജന്യ സര്‍വീസ് ഒരുക്കുന്നത്. കേരളത്തിലെ അംഗീകൃത ഡീലര്‍മാര്‍ മുഖേനയാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഡീലര്‍മാര്‍ക്ക് പുറമെ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ 14 സര്‍വീസ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിച്ചിട്ടുണ്ട്.
ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സര്‍വീസിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എന്‍ജിന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് നൂറ് ശതമാനം സൗജന്യമായാണ് ഒരുക്കിയിട്ടുള്ളതെന്ന് യമഹ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയില്‍ അറിയിച്ചു.
വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ വാഹനങ്ങള്‍ക്കും ഓടിക്കുന്നതിനിടെ വെള്ളം കയറിയ വാഹനങ്ങളും ഈ അവസരം വിനിയോഗിക്കാമെന്നും എന്‍ജിന്‍ തകരാര്‍ ഉള്‍പ്പെടെയുള്ളവ ലേബര്‍ ചാര്‍ജ് ഒഴിവാക്കിയാണ് ശരിയാക്കി നല്‍കുന്നതെന്ന് യമഹ മോട്ടോഴ്‌സ് സെയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിങ് അറിയിച്ചു.
യമഹയ്ക്ക് പുറമെ, ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ ബൈക്ക് നിര്‍മാതാക്കളും ഫോക്‌സ്‌വാഗണ്‍, ഹ്യുണ്ടായി, ടാറ്റാ, മേഴ്‌സിഡസ് തുടങ്ങിയ കാര്‍ നിര്‍മാതാക്കളും ഉപയോക്താക്കള്‍ക്ക് സൗജന്യ സര്‍വീസ് ഒരുക്കിയിട്ടുണ്ട്.