News

കേരളത്തെ വീണ്ടെടുക്കാന്‍ കൈമെയ് മറന്നു ടൂറിസം മേഖലയും


പ്രളയക്കെടുതിയില്‍ നട്ടെല്ല് തകര്‍ന്ന നിലയിലാണ് കേരളത്തിലെ ടൂറിസം രംഗം. എന്നാല്‍ ചുറ്റുമുള്ളവര്‍ എല്ലാം തകര്‍ന്ന നിലയിലായപ്പോള്‍ സ്വന്തം നഷ്ടം ഓര്‍ത്തു കേരളത്തിലെ ടൂറിസം രംഗം വേദനിച്ചു നിന്നില്ല. ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ ടൂറിസം മേഖലയും മുന്നിട്ടിറങ്ങി.

കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ മൂന്നാറിലെയും തേക്കടിയിലെയും വീടുകളും അഭയകേന്ദ്രങ്ങളും ഒലിച്ചുപോയപ്പോള്‍ ജനങ്ങള്‍ക്ക് തുണയായത് ഇവിടങ്ങളിലെ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ്. ഉടമകള്‍ ഇവയുടെ വാതിലുകള്‍ അപ്പോള്‍ തന്നെ ജനങ്ങള്‍ക്കായി തുറന്നിട്ടു. ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും അടക്കം സൗകര്യമൊരുക്കാനും റിസോര്‍ട്ട്- ഹോട്ടല്‍ ഉടമകള്‍ തയ്യാറായി.

ചെങ്ങന്നൂരില്‍ ടിഡിപിസി വോളന്റിയര്‍മാര്‍

പ്രളയത്തില്‍ തേക്കടിയും മൂന്നാറും അടക്കം ഇവിടങ്ങളിലെ ടൂറിസം രംഗത്തുള്ളവരെ അതാതിടങ്ങളില്‍ മാത്രമൊതുക്കിയില്ല. തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ (ടിഡിപിസി) അംഗങ്ങളും ജീവനക്കാരും ചെങ്ങന്നൂരിലേക്കു കുതിച്ചു. ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനും ടിഡിപിസി മുന്നിട്ടുനിന്നു.

മൂന്നാറിലെ ശുചീകരണം

മൂന്നാറിനെ വീണ്ടെടുക്കാന്‍ കെടിഎം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള ടൂറിസം ടാസ്ക് ഫോഴ്സ് വലിയ പ്രവര്‍ത്തനമാണ് നടത്തിയത്.ആയിരക്കണക്കിനാളുകളാണ് മൂന്നാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. ഇരുന്നൂറു ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഘം നീക്കം ചെയ്തെന്നു മാത്രമല്ല മൂന്നാറും പരിസരവും ശുചിയാക്കുകയും ചെയ്തു.
ചെങ്ങന്നൂരിലെ ദുരിത ബാധിതര്‍ക്ക് തിരുവനന്തപുരത്തെ ടൂറിസം മേഖല നല്‍കിയ സഹായത്തില്‍ പൊതുജനങ്ങളും പങ്കാളികളായി. അവശ്യ വസ്തുക്കളുടെ സംഭരണ കേന്ദ്രത്തിലേക്ക് വലിയ പ്രവാഹമായിരുന്നു. നിരവധി ലോഡ് സാധനങ്ങളാണ് ഇവിടെ നിന്നും അയച്ചത്.

ചെങ്ങന്നൂരില്‍ ശുചീകരണത്തിനെത്തിയ തിരുവനന്തപുരത്തെ ടൂറിസം വോളന്റിയര്‍മാര്‍

ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനത്തിനും തിരുവനന്തപുരത്തെ ടൂറിസം രംഗത്തുള്ളവര്‍ തയ്യാറായി. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍ ഉടമകള്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ സംഘം ചെങ്ങന്നൂര്‍ ഇടനാട്‌ കേന്ദ്രീകരിച്ചു ശുചീകരണം നടത്തി. ഇവിടുത്തെ അംഗനവാടികളും ഇവര്‍ ദത്തെടുത്തു.

കുട്ടനാട്ടില്‍ ഹൗസ്ബോട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നു

പ്രളയം വിഴുങ്ങിയ കുട്ടനാട്ടിലും ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ടൂറിസം മേഖല പ്രവര്‍ത്തിച്ചു. ഒറ്റപ്പെട്ടവരെ രക്ഷിക്കാനും ഭക്ഷണം വിതരണം ചെയ്യാനും റിസോര്‍ട്ടുകള്‍ തങ്ങളുടെ സ്പീഡ് ബോട്ടുകളും മറ്റു ബോട്ടുകളും വിട്ടുകൊടുത്തു. കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ അംഗങ്ങള്‍ വലിയ ഹൗസ്ബോട്ടുകള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ എന്ന നിലയില്‍ തുറന്നു കൊടുത്തു.
ഇങ്ങനെ കേരളത്തിന്‍റെ അതിജീവന ശ്രമങ്ങളില്‍ ആവും മട്ടു പ്രവര്‍ത്തിക്കാന്‍ ടൂറിസം മേഖലയും സജീവമായി രംഗത്തുണ്ട്.