News

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്

ടൂറിസം പ്രൊഫഷനല്‍ ക്ലബ് വോളന്റിയര്‍മാര്‍ പഴമ്പള്ളിത്തുരുത്തില്‍ സര്‍വേ നടത്തുന്നു

പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്. നൂറു കുടുംബങ്ങള്‍ക്ക് വേണ്ട ഗൃഹോപകരണങ്ങളും അവശ്യ വസ്തുക്കളും നല്‍കുകയാണ് ലക്‌ഷ്യം.

കൊടുങ്ങല്ലൂരിനു സമീപത്തെ പഴമ്പള്ളിത്തുരുത്ത് നിവാസികള്‍ക്കാണ് സഹായമെത്തിക്കുകയെന്നു ക്ലബ്ബ് പ്രസിഡന്റ് വിനേഷ് വിദ്യ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടത്ര സഹായം കിട്ടിയിട്ടില്ല എന്ന തിരിച്ചറിവാണ് ഈ നാട്ടുകാരെ സഹായിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടറിഞ്ഞതുമാണ്.

അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പു വരുത്താന്‍ രണ്ടു ദിവസം തുരുത്തില്‍ സര്‍വേ നടത്തും. ഇത് ആരംഭിച്ചു കഴിഞ്ഞു. പത്തു ലക്ഷം രൂപ സമാഹരിച്ചാകും സാധനങ്ങള്‍ വാങ്ങി നല്‍കുക.കൂടുതല്‍ പണം ലഭിച്ചാല്‍ കൂടുതല്‍ പേരെ സഹായിക്കും.
കട്ടില്‍,കിടക്ക,സ്റ്റൌവ്,കിടക്കവിരി,പുതപ്പ്,നോട്ട്ബുക്കുകള്‍ അങ്ങനെ വേണ്ട സാധനങ്ങളൊക്കെ വാങ്ങി നല്‍കാനാണ് തീരുമാനം. സാധനങ്ങള്‍ ചേന്ദമംഗലത്തെ ഗോഡൌണിലെത്തിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇവിടെ വന്നു സാധനങ്ങള്‍ ഏറ്റുവാങ്ങണം. സെപ്തംബര്‍ ആദ്യവാരം തന്നെ ഇത് കൈമാറാനാണ് തീരുമാനമെന്നും  വിനേഷ് വിദ്യ പറഞ്ഞു.