കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയായിരിക്കും. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്നു വന്നുപോകും.


എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു.

ആയിരത്തിലേറെപ്പേര്‍ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.


വെള്ളം ഇറങ്ങിയതോടെ 20 മുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. തകര്‍ന്ന മതില്‍ താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു. കേടുപറ്റിയ നാലു കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം പൂര്‍വസ്ഥിതിയിലാക്കി. തകര്‍ന്ന സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം പ്രവര്‍ത്തനക്ഷമമാക്കി. ചെളിക്കെട്ടുണ്ടായ 30 ലക്ഷം ചതുരശ്ര അടി ഭാഗം വൃത്തിയാക്കി.

വിമാനക്കമ്പനികള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളെല്ലാം ഇന്നലെ ഉച്ചയോടെ പ്രവര്‍ത്തനം ആരംഭിച്ചു. നാവിക വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്കും ഇന്നു നിര്‍ത്തലാക്കും.