News

ഹീറോകള്‍ക്ക് ആദരം; ബിഗ്‌ സല്യൂട്ടെന്നു മുഖ്യമന്ത്രി

കേരളത്തിന്റെ സ്വന്തം ഹീറോകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളം ഔദ്യോഗികമായി ആദരിച്ചു.. ദുരന്തമറിഞ്ഞ ഉടന്‍ വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു.

ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു. നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണിത്.

ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിച്ചില്ല. അപകടത്തില്‍പ്പെട്ടവരെ സഹോദര തുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷിക്കുക തങ്ങളുടെ കടമയാണെന്ന് കണ്ടുകൊണ്ട് ചാടിയിറങ്ങിയ അനവധി യുവാക്കളുണ്ട്. ആരുടെയും ആഹ്വാനമില്ലാതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. ആദ്യം പ്രശംസിക്കേണ്ടത് ആ യുവാക്കളെയാണ്. കാരണം, ഇത്തരമൊരു ദുരന്തം അവരുടെ ജീവിതത്തില്‍ കണ്ടിട്ടില്ല. കഴിയാവുന്നത്ര ആളുകളെ രക്ഷിക്കാനുള്ള ഈ ഇടപെടല്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഒരാപല്‍ഘട്ടത്തില്‍ മനുഷ്യസ്‌നേഹപരമായ നിലപാടെടുക്കാന്‍ യുവതലമുറ ഉണ്ടെന്നുള്ളത് നാടിന്റെ ഭാവി സുരക്ഷമാണെന്നുള്ളതിന് ഉറപ്പ് നല്‍കുന്നുണ്ട്.

നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതാണ്. ഈ നാട് പണ്ടെങ്ങനെയായിരുന്നോ അതിനെക്കാളും വിലപ്പെട്ടതായും മൂല്യമുള്ളതായും ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. ഇനി ഇതിനായുള്ള ശ്രമമാണ് നടത്തേണ്ടത്. ഇപ്പോള്‍ ഉണ്ടായ വീഴ്‌‌‌ച്ചയില്‍ കരഞ്ഞിരിക്കാന്‍ നാം തയ്യാറല്ല, നാടിനെ കൂടുതല്‍ ഉയരത്തിലെത്തിക്കുകതന്നെ ചെയ്യും- മുഖ്യമന്ത്രി പറഞ്ഞു.